Quantcast

തീവെച്ചും നിലക്കലിൽ കള്ളക്കുരിശ് സ്ഥാപിച്ചും അത് തങ്ങളുടേതാണെന്ന് വരുത്തിത്തീർത്ത് ശബരിമലയുടെ പ്രാധാന്യം കുറക്കാനുള്ള ശ്രമമായിരുന്നു സഭയുടേത്; ആർഎസ്എസ് നേതാവ്

ക്രൈസ്തവ പക്ഷത്തേക്ക് ആളെ ചേർക്കുന്ന ആളായിരുന്നു സി.കേശവൻ. സ്വന്തം പേരിൽ പോലും വൈകൃതം കൊണ്ടുനടക്കുന്ന പാതിരിമാരെ സാമൂഹികദ്രോഹ വിഭാഗമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അവർക്ക് ശബരിമലയിലും നിലക്കലിലും പ്രശ്നമുണ്ടാക്കാൻ പറ്റുന്നതെന്ന് ഇ.എൻ നന്ദകുമാർ

MediaOne Logo

Web Desk

  • Updated:

    2025-08-05 11:18:46.0

Published:

5 Aug 2025 3:59 PM IST

തീവെച്ചും നിലക്കലിൽ കള്ളക്കുരിശ് സ്ഥാപിച്ചും അത് തങ്ങളുടേതാണെന്ന് വരുത്തിത്തീർത്ത്  ശബരിമലയുടെ പ്രാധാന്യം കുറക്കാനുള്ള ശ്രമമായിരുന്നു സഭയുടേത്; ആർഎസ്എസ് നേതാവ്
X

കോഴിക്കോട്: നിലക്കലിൽ ഹിന്ദുക്ഷേത്ര പരിസരത്ത് കുരിശ് കണ്ടെത്തിയ സംഭവത്തിൽ സഭാ മേലധ്യക്ഷന്മാർക്ക് പങ്കുണ്ടെന്ന് ​ആർഎസ്എസ് നേതാവ് ഇ.എൻ നന്ദകുമാർ. കാരണം സാധാരണ ക്രിസ്ത്യാനികൾ ശബരിമലയിൽ പോകുന്ന ആളുകളാണ്. മറിച്ച് സഭയിലുള്ള ആളുകൾ അങ്ങനെയല്ല. സഭയും സാധാരണ ക്രിസ്ത്യാനികളും തമ്മിൽ വ്യത്യാസമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തിൽ പൈസ ഇട്ടുകഴിഞ്ഞാൽ അത് എടുക്കുന്നത് ദേവസ്വം ബോർഡാണ്, എന്നാൽ ക്രിസ്ത്യൻ പള്ളികളിലെത് അടിച്ചുമാറ്റുന്നത് പള്ളിയിലെ അച്ചന്മാരാണ്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർഎസഎസ് നേതാവിന്റെ പരാമർശം.

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ വരുമാനത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. സാധാരണ ക്രിസ്ത്യാനികൾ സത്യസന്ധരാണ് അവർ എല്ലാ വിശ്വാസത്തെയും ഉൾക്കൊള്ളുന്നവരാണ്. ഇതിനെ തച്ചുതകർക്കാൻ ശ്രമിക്കുന്നത് ചില ബിഷപ്പുമാരും സഭാധ്യക്ഷന്മാരുമാണ്. അവരാണ് പുതിയ നരേഷൻ സൃഷ്ടിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശബരിമലയെ നശിപ്പിക്കേണ്ടത് അനിവാര്യമാണെന്ന തോന്നൽ അവർക്ക് എല്ലാ കാലത്തുമുണ്ടായിരുന്നു. അവർ ധരിച്ചത് ഹിന്ദുക്കളെ പാടെ മതപരിവർത്തനം നടത്തുക എന്നതായിരുന്നു. സോപ്പും ചീപ്പും കണ്ണാടിയും കൊടുത്ത് ഹിന്ദുക്കളെ മതം മാറ്റിയിട്ട് അവർക്ക് വേണ്ടി പള്ളി നിർമ്മിക്കുക എന്നതായിരുന്നു ലക്ഷ്യം.

പുലയ പള്ളികളുള്ള പ്രസ്ഥാനമാണ് ക്രൈസ്തവ സഭ. മതം മാറിവന്ന എസ്‌സി/എസ്ടി ക്കാർക്ക് വേണ്ടി കോട്ടയത്തുള്ളതാണ് വിജയപുരം രൂപത. പുലയ സമുദായത്തിൽ നിന്നുള്ള ആളുകൾ മതം മാറി വന്നാൽ ക്രൈസ്തവ സഭയിലുള്ളവർ അംഗീകരിക്കില്ല. എറണാകുളത്തെ കറുത്തനിറമുള്ള ഒരു അച്ഛൻ വോളണ്ടറി റിട്ടയർമെന്റ് എടുത്ത് പോകേണ്ട സാഹചര്യം വന്നിട്ടുണ്ട്. വർണവിവേചനം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന സഭയാണ് ക്രൈസ്തവ സഭ.

ബാലവേലയിലും കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും കന്യാസ്ത്രീകൾ എടുക്കുന്ന നിലപാടുകളിൽ ഏറ്റവും കൂടുതൽ എതിർ നിൽക്കുന്നത് ഹിന്ദുക്കളേക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ്. കേരളത്തിൽ 1985 മുതൽ 2015 വരെ 11 കന്യാസ്ത്രീകളാണ് മരിച്ചത്. ഇവിടുത്തെ ക്രൈസ്തവ സഭ മേലധ്യക്ഷമാർക്ക് എന്ത് വികാരമാണ് ഈ സമയത്ത് ഉണ്ടായത്. അവർ ആ സമയത്ത് പരിശ്രമിച്ചിരുന്നത് നിലക്കൽ കുരിശ് സ്ഥാപിക്കാനാണ്. എന്നിട്ട് പറയുന്നത് അവിടെ സെന്റ് തോമസ് വന്നു കുരിശ് സ്ഥാപിച്ചു എന്നാണ്. അക്കാലത്തെ മാർപാപ്പയായിരുന്ന ബെനഡിക്ട് പതിനേഴാമൻ പറഞ്ഞത് സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ലെന്നാണ്.

ഈ തരത്തിലുള്ള കള്ളക്കഥകൾ പ്രചരിപ്പിച്ച് നിലക്കലിൽ കള്ളക്കുരിശ് സ്ഥാപിച്ച് അത് തങ്ങളുടേതാണെന്ന് വരുത്തിത്തീർത്ത് ശബരിമലയുടെ പ്രാധാന്യം കുറക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് നിലക്കൽ സമരം. ഒന്നാമത്തേത് തീവെച്ചു നശിപ്പിച്ചുകൊണ്ടായിരുന്നെങ്കിൽ രണ്ടാമത്തേത് നിലക്കൽ സമരമാണ്. 1950 കളിൽ ഹിന്ദുക്കൾ അത് സഹിച്ചെങ്കിലും 1983 ൽ രാഷ്ട്രീയം മറന്നുകൊണ്ട് എല്ലാ ഹിന്ദു ജനവിഭാഗങ്ങളും അതിനെതിരെ രംഗത്ത് വന്നു. നിലക്കലിലെ കുരിശ് എടുത്ത് മാറ്റാനും അന്ന് ഇവർക്ക് സാധിച്ചുവന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിവെക്കേണ്ടതാണ്. ക്രൈസ്തവ ജനങ്ങളുടെ പ്രശ്നമല്ല. സഭ അധ്യക്ഷന്മാരുടെയും പാതിരിമാരുടെയും അമ്മമാരുടെയും പ്രശ്നമാണ്. അച്ചൻ എന്നതിന്റെ ഇംഗ്ലീഷ് അങ്കിൾ എന്നാണ്. സ്വന്തം പേരിൽ പോലും വൈകൃതം കൊണ്ടുനടക്കുന്ന പാതിരിമാരെ ഞാൻ മനസിലാക്കുന്നത് സാമൂഹികദ്രോഹ വിഭാഗമായിട്ടാണ്. അതുകൊണ്ടാണ് അവർക്ക് ശബരിമലയിലും നിലക്കലിലും പ്രശ്നമുണ്ടാക്കാൻ പറ്റുന്നത്. എന്നാൽ അക്കാലത്തെ ഹിന്ദുവല്ല, ഇന്നത്തെ ഹിന്ദുവെന്നും ശക്തമായിട്ട് പ്രതികരിക്കുമെന്നും അച്ചൻമാരും അമ്മമാരും മതമേലധ്യക്ഷന്മാരും മനസിലാക്കുന്നത് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല തീവെച്ച് നശിപ്പിച്ച് വിഗ്രഹം തകർത്ത സംഭവത്തിൽ അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ പ്രസ്താവന ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചു എന്നാണ്. സി. കേശവൻ നാസ്തികനായതുകൊണ്ടല്ല അങ്ങനെ പറയുന്നത്. വൈക്കം സത്യാഗ്രഹത്തെ ഒറ്റുകൊടുത്ത ആളാണ് സി.കേശവൻ. കെ.പി കേശവമേനോന്റെ 'കഴിഞ്ഞകാലം' എന്ന പുസ്തകത്തിൽ വൈക്കം സത്യാഗ്രഹം മാറ്റിവെക്കാൻ ആവശ്യപെട്ടവരിൽ സി.കേശവനും സി.വി കുഞ്ഞിരാമനും ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. ക്രൈസ്തവ പക്ഷത്തേക്ക് ആളെ ചേർക്കുന്ന ആളായിരുന്നു കേശവൻ. സഹോദരൻ അയ്യപ്പൻ ഈ രൂപത്തിൽ ക്രിസ്തുമതത്തിലേക്ക് മാറാൻ വിസമ്മതിച്ച ആളാണ്. സഹോദരൻ അയ്യപ്പൻ നാസ്തികനായിരുന്നില്ല. ഹൈന്ദവ മതത്തി​ലെ ഉച്ചനീചത്വങ്ങളോട് പൊരുതി ആളുകൾ ബുദ്ധമതത്തിലേക്ക് ചേരട്ടെ എന്നാവശ്യപ്പെട്ടയാളായിരുന്നു സഹോദരൻ അയ്യപ്പൻ. എന്നാൽ സി.കേശവൻ അടക്കമുള്ള ആളുകൾ അവിടെയുള്ള സഭ അധ്യക്ഷന്മാരെ കൂട്ടുപിടിച്ച് ഈ സമരത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചിട്ടുള്ള ആളാണ്. ഈ കേശവനാണ് പിൽക്കാലത്ത് കോൺഗ്രസിൽ ചേർന്ന് തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായത്. എബിസി മലയാളം എന്ന ചാനലിലാണ് സഭക്കെതിരെ നന്ദകുമാർ രംഗത്തെത്തിയത്.

TAGS :

Next Story