ഭാരതാംബ വിവാദം; മന്ത്രി പി.പ്രസാദിൻ്റെ വീടിനുമുന്നിൽ ആര്‍എസ്എസ് പ്രതിഷേധം, മാര്‍ച്ച് തടഞ്ഞ് സിപിഐ
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി പി.പ്രസാദ് ബഹിഷ്കരിച്ചിരുന്നു

ആലപ്പുഴ: പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകർ മന്ത്രിയുടെ ആലപ്പുഴയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് സിപിഐ തടഞ്ഞു. മന്ത്രിയുടെ നൂറനാട്ടെ വീടിനു മുന്നിൽ ഭാരതാംബയെ പൂജിക്കാനുള്ള ശ്രമമാണ് സിപിഐ തടഞ്ഞത്. ഇതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷമുണ്ടായി.വീട്ടിലേക്ക് മാർച്ച് നടത്തിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
ബിജെപി ആലപ്പുഴ തെക്ക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി ആർഎസ്എസ് മാർച്ച് മന്ത്രിയുടെ വീടിനു മുന്നിലേക്ക് നീങ്ങിയതോടെ പ്രദേശത്ത് തടിച്ചുകൂടിയ സിപിഐ പ്രവർത്തകർ മാർച്ച് തടഞ്ഞു. ഇതോടെ ഇരു കൂട്ടരും പരസ്പരം വെല്ലുവിളികളുയർത്തി മുദ്രാവാക്യങ്ങളുമായി നേർക്ക് നേർക്ക് നേർ നിന്നു.
സംഘർഷത്തിന്‍റെ വാക്കോളമെത്തിയപ്പോഴാണ് പൊലീസ് എത്തിയത്. തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു ഏറെ നേരം പരസ്പരം പോർ വിളികൾ തുടർന്നു. പൊലീസ് ഇടപെട്ടതോടെ ഇരു വിഭാഗവും അടങ്ങി. ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത ആർഎസ്എസ് ജാള്യത മറക്കാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംഭവത്തിൽ സിപിഐ-സിപിഎം ഭിന്നതയില്ലെന്നും ഇരു പാർട്ടികൾക്കും ഈ കാര്യത്തിൽ ഒരേ അഭിപ്രായം ആണെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

