Quantcast

'പൊളിറ്റിക്കൽ കറക്ട്‌നസ്സിന് ശ്രമിക്കാറുണ്ട്, ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ കൂടുതൽ ശ്രദ്ധിക്കാം'; കുഴിമന്തി കമൻറ് പിൻവലിച്ച് എസ്. ശാരദക്കുട്ടി

കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് വി.കെ രാമന്റെ വിവാദ കുഴിമന്തി പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-01 09:23:48.0

Published:

1 Oct 2022 9:22 AM GMT

പൊളിറ്റിക്കൽ കറക്ട്‌നസ്സിന് ശ്രമിക്കാറുണ്ട്, ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ കൂടുതൽ ശ്രദ്ധിക്കാം; കുഴിമന്തി കമൻറ് പിൻവലിച്ച് എസ്. ശാരദക്കുട്ടി
X

കോഴിക്കോട്: മലയാള ഭാഷയിൽനിന്ന് കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ ശ്രീരാമന്റെ ആവശ്യത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി എസ്. ശാരദക്കുട്ടി. പൊളിറ്റിക്കൽ കറക്ടാകാൻ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോയെന്ന് കരുതി ബോധപൂർവ്വം പരിശ്രമിക്കുന്നതു കൊണ്ടാണെന്നും ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാമെന്നുമാണ് അവർ ഫേസ്ബുക്കിൽ പുതുതായി കുറിച്ചത്. സ്‌ക്രീൻ ഷോട്ടൊക്കെ ധാരാളം പോയത് കൊണ്ട് വിവാദ പോസ്റ്റിലെ കമന്റ് പിൻവലിക്കുന്നതിലർഥമില്ലെന്നറിയാമെന്നും എങ്കിലും അതങ്ങു പിൻവലിക്കുന്നുവെന്നും അവർ പറഞ്ഞു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണതെന്നും താൻ തന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ടെന്നും അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കുമെന്നും എസ്. ശാരദക്കുട്ടി വ്യക്തമാക്കി.

കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് വി.കെ രാമന്റെ വിവാദ കുഴിമന്തി പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചിരുന്നത്. താൻ കഴിക്കില്ല. മക്കൾ പക്ഷെ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരുംകൂടി ആകർഷകമായാലേ കഴിക്കാൻ പറ്റൂവെന്നും ശാരദക്കുട്ടി കമന്റിൽ പറഞ്ഞു.

ഒരു ഭക്ഷണം ഇഷ്ടമാണെന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ലെന്നു പറയാനുമെന്നും അങ്ങനെ പറയുമ്പോൾ ബാലൻസ് ചെയ്യാനായി വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി തനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ പൊളിറ്റിക്കലി കറക്ടാകുമോയെന്നും പുതിയ എഫ്.ബി കുറിപ്പിൽ എസ്. ശാരദക്കുട്ടി ചോദിച്ചു. സാമ്പാർ, തോരൻ, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത തന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു തനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴുമെന്നും അവർ വ്യക്തമാക്കി.

വി.കെ ശ്രീരാമന്റെ ആവശ്യത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ഇടതു ചിന്തകൻ സുനിൽ പി. ഇളയിടവും നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി ഇഷ്ടം തോന്നാത്ത പേരാണ് കുഴിമന്തിയെന്നും എന്നാൽ പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങൾക്ക് അതു ന്യായമല്ലെന്നും സുനിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനെ അതേപടി പിന്തുണച്ചതിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല. സ്വന്തം അഭിപ്രായം പറയാൻ ശ്രീരാമൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് കരുതുന്നത്. ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ തന്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്നായിരുന്നു നടനും എഴുത്തുകാരനുമായ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചത്. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയാകും അതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിനു താഴെയാണ് സുനിൽ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും പിന്തുണ അറിയിച്ചത്. എന്നാൽ, ശ്രീരാമന്റെ കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യൽ മീഡിയയിലും വൻവിമർശനം ഉയരുന്നുണ്ട്.

എസ്. ശാരദക്കുട്ടിയുടെ പുതിയ എഫ്.ബി പോസ്റ്റിന്റെ പൂർണ രൂപം

ഒരു ഭക്ഷണം ഇഷ്ടമാണ്. അത് കഴിക്കാനിഷ്ടമാണ്, എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല , എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും .

അതിന് balance ചെയ്യാനായി വഴുവഴുത്തതു കൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ Politically correct ആകുമോ ?

ശാരദക്കുട്ടി എന്ന പേര് നിങ്ങൾക്കാർക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല. അത് നിങ്ങൾക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീർക്കാം. അത് നിങ്ങളുടെ ഇഷ്ടം . നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ എന്റെ ഇഷ്ടങ്ങളെ വിമർശിക്കുന്നവർക്കെതിരെ വാളുമെടുത്ത് ഇറങ്ങാറില്ല ഞാൻ .

സാമ്പാർ , തോരൻ, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളു എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും .

Politically correct ആകാൻ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂർവ്വം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാം.

എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാൻ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം , നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ് ?

Screen shot ഒക്കെ ധാരാളം പോയത് കൊണ്ട് കമന്റ് പിൻവലിക്കുന്നതിലർഥമില്ലെന്നറിയാം. എങ്കിലും അതങ്ങു പിൻവലിക്കുന്നു. ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും.

എസ്.ശാരദക്കുട്ടി

S Saradakutty clarified her position in the Kuzhimanthi FB post Contraversy

TAGS :

Next Story