Quantcast

ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മായം; തിരിച്ചുവിളിച്ച് സപ്ലൈകോ

റോയല്‍ എഡിബിള്‍ കമ്പനിക്ക് സപ്ലൈകോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

MediaOne Logo

Web Desk

  • Updated:

    2022-11-29 13:27:46.0

Published:

29 Nov 2022 1:00 PM GMT

ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മായം; തിരിച്ചുവിളിച്ച് സപ്ലൈകോ
X

കൊച്ചി: സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആ ബാച്ചിൽ പെട്ട ശബരി അഗ്മാർക്ക് വെളിച്ചെണ്ണ എല്ലാ വില്പനശാലകളിൽ നിന്നും ഡിപ്പോകളിൽ നിന്നും തിരിച്ചെടുക്കുന്നതിന് സപ്ലൈകോ നിർദേശം നൽകി.

സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി എഫ് ആർ ഡി ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കിയ വെളിച്ചെണ്ണയിലാണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം ഉള്ളതായി നവംബർ 25ന് റിപ്പോർട്ട് ലഭിച്ചത്. മിനറൽ ഓയിലിന്റെ സാന്നിധ്യം വെളിച്ചെണ്ണയിൽ അനുവദനീയമല്ല. എന്നാൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തരമായി ഈ വെളിച്ചെണ്ണ തിരിച്ചെടുത്ത് , സപ്ലൈയർക്ക് തിരികെ നൽകുന്നതിന് നവംബർ 26ന് തന്നെ സപ്ലൈകോ നിർദേശം നൽകിയിരുന്നു.

വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും സപ്ലൈകോ നൽകിയിട്ടുണ്ട്.

റോയൽ എഡിബിൾ കമ്പനിക്ക് നൽകിയിട്ടുള്ള പർച്ചേസ് ഓർഡറിന്മേൽ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു. കാരണം കാണിക്കൽ നോട്ടീസിന് വിതരണക്കാരൻ സമർപ്പിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കമുള്ള തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

എൻ എബിഎൽ അംഗീകൃത ലബോറട്ടറിയിൽ നിന്നും ലഭ്യമായ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോകളിൽ ശബരി അഗ്മാർക്ക് വെളിച്ചെണ്ണയുടെ സ്റ്റോക്ക് സപ്ലൈകോ സ്വീകരിച്ചത്. തുടർന്ന് സപ്ലൈകോയുടെ തന്നെ ഗുണനിലവാര പരിശോധന വിഭാഗം മാലിന്യങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ, ഈ വിതരണക്കാരൻ വിതരണം ചെയ്ത സ്റ്റോക്കിൽ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകൾ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് എല്ലാ ഡിപ്പോ മാനേജർമാർക്കും നിർദ്ദേശം നൽകി.

TAGS :

Next Story