ശബരിമല സ്വർണക്കൊള്ള; സ്വമേധയാ പുതിയ ഹരജി രജിസ്റ്റർ ചെയ്ത് ഹൈക്കോടതി
പ്രത്യേക അന്വേഷണ സംഘം നാളെ ഇടക്കാല അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ.വാസുവിനെതിരെ അറസ്റ്റിലായ സുധീഷ് കുമാറിന്റെ മൊഴി. പോറ്റിയും വാസുവും തമ്മിൽ അടുത്ത ബന്ധമെന്ന് എസ്ഐടിക്ക് സംശയം. സ്വർണക്കൊള്ളയിൽ സ്വമേധയാ പുതിയ ഹരജി രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. ഹരജി ഹൈക്കോടതി ദേവസ്വം ബെഞ്ച് നാളെ പരിഗണിക്കും. നടപടിക്രമങ്ങൾ രഹസ്യ സ്വഭാവത്തിലായിരിക്കും.
നേരത്തെ, രജിസ്റ്റർ ചെയ്തിരുന്ന ഹരജിയിൽ സ്വർണക്കൊള്ളയിലെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണൻ പോറ്റിയും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനവും കക്ഷികളായിരുന്നു. ഇരു സ്ഥാപനങ്ങളെയും കോടതി അധികമായി കക്ഷിചേർക്കുകയായിരുന്നു. പുതിയ കേസിലെ കണ്ടെത്തലുകളും ഉദ്യോഗസ്ഥരുടെ നിഗമനങ്ങളും വളരെ രഹസ്യസ്വഭാവത്തിൽ നിലനിർത്തുന്നതിനായാണ് പുതിയ ഹരജി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത ഹരജിയിലായിരിക്കും നാളെ വാദം കേൾക്കുക. പ്രത്യേക അന്വേഷണ സംഘം നാളെ ഇടക്കാല അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇത് രണ്ടാം തവണയാണ് എസ്ഐടിയുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ മുമ്പാകെ സമർപ്പിക്കുന്നത്.
കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
Adjust Story Font
16

