Quantcast

 ശബരിമല സ്വർണക്കൊള്ള; ഇഡി കേസെടുക്കും, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

ഉണ്ണികൃഷ്ണൻ പോറ്റി,ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ ആകും ആദ്യഘട്ടത്തിൽ പരിശോധന നടത്തുക

MediaOne Logo

Web Desk

  • Updated:

    2026-01-08 03:43:42.0

Published:

8 Jan 2026 8:08 AM IST

 ശബരിമല സ്വർണക്കൊള്ള; ഇഡി കേസെടുക്കും, പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
X

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ഇന്ന് കേസ് എടുക്കും . പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണൻ പോറ്റി,ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ ആകും ആദ്യഘട്ടത്തിൽ പരിശോധന നടത്തുക.

അതേസമയം കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ, സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് സിംഗിൾ ബെഞ്ചിന്‍റെ പരിഗണനക്ക് വരുന്നത്.

സ്വർണക്കൊള്ളയിൽ പങ്കില്ലെന്നാണ് രണ്ട് പ്രതികളുടെയും വാദം. ഇത് എതിർത്ത് പ്രത്യേക അന്വേഷണസംഘം നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇരുവർക്കും എതിരെ തെളിവുകൾ ഉണ്ടെന്നും സ്വർണം മോഷ്ടിക്കാൻ വിശാല ഗൂഢാലോചന നടന്നുവെന്നും എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്.

ഗോവർധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി എന്നും എസ് ഐ ടിയുടെ വ്യക്തമാക്കിയിരുന്നു.

കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയെ അന്വേഷണസംഘം വൈകാതെ ചോദ്യം ചെയ്യും. അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി ജയശ്രീയോട് ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ശബരിമലയിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലവും ഉടൻ ലഭിക്കും. ഈ പരിശോധനാഫലം ലഭിക്കുന്നതിലൂടെ ശബരിമലയിൽ നിന്ന് എത്രത്തോളം സ്വർണം സംഘം തട്ടിയെടുത്തിട്ടുണ്ടെന്നതിൽ വ്യക്തത വരും.

അതേസമയം അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദേശാനുസരണം ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്ന് ശ്രീകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു.

TAGS :

Next Story