ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി
ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിർദേശം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് നൽകിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്.നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർഥനകളും നടത്തിയിരുന്നു. ജയറാമിന്‍റെ ചെന്നൈയിൽ വീട്ടിലും ഇത്തരത്തിൽ പൂജ നടന്നിരുന്നു.
കേസില്‍ നേരത്തെ ജയറാമിനെ എസ്ഐടി ചോദ്യംചെയ്തിരുന്നു . ചെന്നൈയിലെ വീട്ടില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പിൽ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയിൽ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം കേസിൽ ജാമ്യനീക്കവുമായി പ്രതി കെ.പി ശങ്കരദാസ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യഹരജി സമർപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി. ജനുവരി 14 ന് ആണ് ശങ്കരദാസിനെ ആശുപത്രിയിൽ എത്തി എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യനീക്കം നടത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഹരജി കോടതി ഉടൻ പരിഗണിക്കും.
Adjust Story Font
16

