Quantcast

ശബരിമല തീർത്ഥാടനം; കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

രാവിലെ 5 മുതൽ 12 വരെ നേരിട്ട് നെയ്യഭിഷേകം നടത്താൻ അവസരം ലഭിക്കും

MediaOne Logo

Web Desk

  • Published:

    20 Dec 2021 1:17 AM GMT

ശബരിമല തീർത്ഥാടനം; കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
X

ശബരിമല തീർത്ഥാടനത്തിന് പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. രാവിലെ 5 മുതൽ 12 വരെ നേരിട്ട് നെയ്യഭിഷേകം നടത്താൻ അവസരം ലഭിക്കും. ദർശന സമയം കൂട്ടുന്നത് സംബന്ധിച്ച് തന്ത്രി അടക്കമുള്ളവരുടെ അഭിപ്രായം തേടുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.

നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം നീക്കുക, കരിമല വഴിയുള്ള കാനന പാത തുറക്കുക, പ്രതിദിന തീർത്ഥാടകരുടെ എണ്ണം 45,000ൽ നിന്ന് 60,000 ആക്കി ഉയർത്തുക എന്നീ ഇളവുകളാണ് മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. ഇതിൽ കാനനപാത തുറക്കുന്നതൊഴികെയുള്ള ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വിർച്വൽ ക്യൂ വഴി 50,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 10,000 പേർക്കും ദർശനത്തിന് എത്താം. ബുക്കിങ് ഇല്ലാത്തവർക്കും ദർശനം അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. രാവിലെ 5 മുതൽ 7 വരെ നടന്നിരുന്ന നെയ്യഭിഷേകം 12 മണി വരെ നീട്ടി. നേരിട്ട് നെയ്യഭിഷേകത്തിനുള്ള അവസരത്തിന് പുറമെ അഭിഷേകനെയ് ശേഖരിക്കുന്നതിനും പ്രസാദം വിതരണം ചെയ്യുന്നതിനുമുള്ള കൗണ്ടറുകൾ പ്രവർത്തനം തുടരും. അരവണ പ്രസാദം മതിയായ സ്റ്റോക്ക് ഉണ്ട്. അപ്പം വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുന്നു.

തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദർശന സമയം കൂട്ടുന്നതും പരിഗണനയിലുണ്ട്. കരിമല വഴിയുളള കാനന പാത തുറക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട കലക്ടർ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിക്കും. പാത സജ്ജമാക്കാൻ ഒരാഴ്ച വേണ്ടിവരുമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം. അങ്ങിനെയെങ്കിൽ മകരവിളക്ക് തീർത്ഥാടനത്തിന് മുന്‍പായി മാത്രമേ കാനന പാത സജ്ജമാവുകയുള്ളൂ.



TAGS :

Next Story