സൗഹൃദ ഇഫ്താറൊരുക്കി സാദിഖലി ശിഹാബ് തങ്ങൾ
‘ലഹരിയുടെ അതിപ്രസരത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ മതപണ്ഡിതർ രംഗത്തിറങ്ങണം’

ഇഫ്താർ സംഗമത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു
കോഴിക്കോട്: ഐക്യത്തിന്റെ സന്ദേശവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താർ. ആശയപരമായ ഭിന്നതകളുണ്ടെങ്കിലും പൊതുവായ കാര്യങ്ങളിൽ സമുദായം ഒന്നിച്ചിരിക്കണം എന്നാണ് മുൻകാല നേതാക്കൾ കാണിച്ച മാതൃകയെന്നും വിഭാഗീയതയിലേക്ക് പോകുമായിരുന്ന പല വിഷയങ്ങളിലും സംയമനത്തോടെ ഇടപെടാൻ നമുക്ക് സാധിച്ചത് ഇത്തരം സൗഹൃദ വേദികളിലൂടെയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലഹരിയുടെ അതിപ്രസരത്തിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ മതപണ്ഡിതർ രംഗത്തിറങ്ങണം.
ധാർമികമായ പാഠങ്ങളിലൂടെ മാത്രമേ അധാർമ്മികതയിൽനിന്നുള്ള മുക്തി സാധ്യമാവുകയുള്ളൂ. ലഹരിയിൽനിന്ന് നാടിനെ രക്ഷിക്കാൻ സർക്കാരിന് പോലും യാതൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ സമൂഹത്തെ ബോധവൽക്കരിക്കാൻ മതനേതൃത്വം ജാഗ്രതയോടെ രംഗത്തുണ്ടാവണം. മതപണ്ഡിതന്മാർക്ക് ബിരുദം നൽകുമ്പോൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെക്കുറിച്ചുള്ള പരിജ്ഞാനം കൂടി കോഴ്‌സിന്റെ ഭാഗമാക്കണമെന്നും തങ്ങൾ പറഞ്ഞു.
മുനമ്പം വിഷയത്തിൽ മുസ്‌ലിം സംഘടനകൾ ഇടപെട്ട രീതി ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകിയത്. അക്കാര്യത്തിൽ അവർ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ബഹുസ്വര സമൂഹത്തിൽ സമാധാനം ഉറപ്പുവരുത്തി മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്തം പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകൾക്കുണ്ട്. കാലങ്ങളായി തുടരുന്ന ഈ ഐക്യം ഇനിയും തുടരണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനും ഇസ്ലാമോഫോബിയക്കുമെതിരെ ജാഗ്രത വേണമെന്നും സമൂഹത്തിന് ആത്മവിശ്വാസം നൽകാൻ ഒന്നിച്ച് രംഗത്തിറങ്ങണമെന്നും മുസ്‌ലിം സംഘടനാ നേതാക്കൾ വ്യക്തമാക്കി.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. കെ.പി.എ മജീദ് എംഎൽഎ, ഡോ. എം.കെ മുനീർ എംഎൽഎ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഐ.ഐ മജീദ് സ്വലാഹി, സി.പി ഉമ്മർ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, ഐ.പി അബ്ദുസ്സലാം, പി. മുജീബ് റഹ്‌മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂർ, ടി.കെ അശ്റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, ഡോ. ഫസൽ ഗഫൂർ, കെ.കെ കുഞ്ഞിമൊയ്തീൻ, പി. ഉണ്ണീൻ, എഞ്ചി. പി. മമ്മദ് കോയ, സി.പി കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, കമാൽ വരദൂർ, സി.എ.എം.എ കരീം, ഉമർ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, സി. മമ്മൂട്ടി, കെ.എം ഷാജി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, യു.സി രാമൻ, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, ടി.വി ഇബ്രാഹിം എംഎൽഎ, ടി.പി.എം ജിഷാൻ, പി.കെ നവാസ് സംബന്ധിച്ചു.
Adjust Story Font
16

