കെ.സി വേണുഗോപാലിനെതിരെ സമസ്തയുടെ മുഖപത്രത്തില്‍ രൂക്ഷവിമര്‍ശനം; ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞു
കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇടയിലെ പാലമായി കെ.സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നു. നേതൃസ്ഥാനത്ത് കയറിക്കൂടിയ ഇത്തരക്കാരെ കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും മുഖപ്രസംഗം പറയുന്നു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ രൂക്ഷ വിമര്‍ശനം. ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ കെ.സി വേണുഗോപാല്‍ തടഞ്ഞെന്ന് മുഖപ്രസംഗം പറയുന്നു. വടക്കന്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറി, രാഹുലിന്റെ തൊട്ടരികില്‍ ഇരിക്കുന്ന നേതാവ് രാഹുല്‍ഗാന്ധി ന്യൂനപക്ഷ പ്രശ്നങ്ങളില്‍ ഇടപെടുന്നത് ഫലപ്രദമായി തടയുകയാണ്.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇടയിലെ പാലമായി കെ.സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നു. നേതൃസ്ഥാനത്ത് കയറിക്കൂടിയ ഇത്തരക്കാരെ കൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും മുഖപ്രസംഗം പറയുന്നു. വി.ഡി സതീശനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും മുഖപ്രസംഗത്തിലുണ്ട്. കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ എത്തിയ സമസ്തയുടെ പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കാതിരുന്നത് നേരത്തേ വിവാദമായിരുന്നു. കെ.സി വേണുഗോപാലും എ.പി അനില്‍കുമാറും ബോധപൂര്‍വ്വം സമസ്ത പ്രതിനിധികളെ അപമാനിച്ചെന്ന വികാരം സംഘടനയിലുണ്ട്. വണ്ടൂരില്‍ എ.പി അനില്‍കുമാറിനെതിരെ സമസ്ത അണികള്‍ക്കിടയില്‍ ഇക്കാര്യം ഉന്നയിച്ച് പ്രചരണവും നടന്നിരുന്നു.
മലപ്പുറത്ത് സാമുദായിക സംതുലിതാവസ്ഥ തകര്‍ത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നല്‍കിയതെന്ന വിലയിരുത്തലും സമസ്തക്കുണ്ട്. കോണ്‍ഗ്രസിന്‍റെ നാല് സീറ്റില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു സീറ്റ് മാത്രം മുസ്ലിം വിഭാഗത്തിന് നല്‍കിയതിന് പിന്നിലും എ.പി അനില്‍കുമാറും കെ.സി വേണുഗോപാലുമാണെന്നാണ് സംഘടന വിലയിരുത്തുന്നത്. ഇക്കാര്യത്തില്‍ സമസ്തയുടെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചില്ല. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ കൂടിയാണ് കെ.സി വേണുഗോപാലിനെ കടന്നാക്രമിച്ച് സുപ്രഭാതം മുഖപ്രസംഗമെഴുതിയത് എന്നാണ് സൂചന.
Adjust Story Font
16

