Quantcast

മന്ത്രി സജി ചെറിയാൻ വർ​ഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദം, ‌മാപ്പ് പറയണം; സമസ്ത പ്രമേയം

പാണക്കാട് നടന്ന സമസ്ത പൈതൃക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

MediaOne Logo

Web Desk

  • Updated:

    2026-01-20 17:37:53.0

Published:

20 Jan 2026 11:01 PM IST

Samastha Resolution Against Minister Saji Cherian on Communal Remarks
X

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ പ്രമേയവുമായി സമസ്ത. സജി ചെറിയാൻ വർ​ഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമാണെന്നും മന്ത്രിസ്ഥാനത്തിരിക്കാൻ അർഹത നഷ്ടപ്പെട്ടെന്നും പ്രമേയത്തിൽ പറയുന്നു. പാണക്കാട് നടന്ന സമസ്ത പൈതൃക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

കേരളീയരെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് സജി ചെറിയാൻ മാപ്പ് പറയണമെന്നും സമസ്ത പൈതൃക സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്‌വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്. നേരത്തെ, സമസ്ത മുഖപത്രവും മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

കരുണയും സ്‌നേഹവും അനുകമ്പയും വറ്റിപ്പോയവർ അസ്ഥിയും തോലുമായി, ദുർഗന്ധം വമിക്കുന്ന ഉടൽ മാത്രമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ മലയാളി കാണുന്നതെന്ന് സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നു. മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാമെന്നും ആ വോട്ടിലൂടെ അധികാരം നിലനിർത്താമെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ നേതാക്കളോ കരുതുന്നുണ്ടെങ്കിൽ അതിന് മതേതരകേരളം കനത്ത വില കൊടുക്കേണ്ടിവരും.

മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് മുനിസിപ്പാലിറ്റിയിലും ജയിച്ച് വന്നവരുടെ പേരെടുത്തു നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാൻ കഴിയുന്നത്! വെള്ളാപ്പള്ളി നടേശൻ വാ തുറക്കുന്നതേ വർഗീയത വിളമ്പാനാണെന്ന് കുറച്ചുകാലമായി നമുക്കറിയാം. എന്നാൽ സജി ചെറിയാനെയും എ.കെ ബാലനെയും പോലുള്ള സിപിഎം നേതാക്കൾക്ക് ഇത്തരം, വിഷംതീണ്ടൽ പരാമർശങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കയറിനിന്ന് ഇത്രയും ഉച്ചത്തിൽ പറയാൻ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തരേന്ത്യയിൽ നരേന്ദ്രമോദിയും അമിത്ഷായും ഉൾപ്പെടെയുള്ള സംഘ്പരിവാർ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ടുതേടിയിറങ്ങിയതെന്ന് ഓർക്കണമെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസമാണ് മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്.

'ലീഗിന്റെ വര്‍ഗീയ ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത്. മുസ്‌ലിം ലീഗ് കേരളത്തിൽ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണ് എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചുവന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഇതാവാൻ പാടുണ്ടോ? കാസർകോട് മുനിസിപ്പാലിറ്റി എടുത്തുനോക്ക്, നിങ്ങളിത് ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്'- എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

വിദ്വേഷ പരാമർശം വലിയ പ്രതിഷേധത്തിന് കാരണമാവുകയും എതിർപ്പറിയിച്ച് സിപിഎം ഘടകകക്ഷികൾ ഉൾപ്പെടെ രം​ഗത്തെത്തുകയും കോണ്‍ഗ്രസ് വക്താവ് അനൂപ് വി.ആര്‍ മന്ത്രിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story