മുസ്‌ലിം സ്ത്രീകൾക്കെതിരായ എഐ വെറുപ്പിന് പിന്നിൽ സംഘ്പരിവാർ: ഫ്രറ്റേണിറ്റി മൂവ്മെന്റ്
ഹിന്ദുത്വശക്തികൾ എല്ലാ കാലത്തും വംശഹത്യകളിലും ആക്രമണങ്ങളിലും സ്ത്രീകൾക്കെതിരെ സവിശേഷ ആക്രമണങ്ങൾ നടത്തിയവരാണ്.

Photo|Special Arrangement
കോഴിക്കോട്: സോഷ്യൽമീഡിയയിൽ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യംവച്ചുള്ള അക്രമണോത്സുക എഐ ചിത്രങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ ശക്തികളാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ. ബലാത്സംഗത്തിലൂടെയും പീഡനത്തിലൂടെയും സംഘ്പരിവാർ ഹിന്ദുത്വശക്തികൾ പ്രചരിപ്പിക്കുന്നത് ലിംഗപരമായ ഇസ്‌ലാമോഫോബിയ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിന്ദുത്വശക്തികൾ എല്ലാ കാലത്തും വംശഹത്യകളിലും ആക്രമണങ്ങളിലും സ്ത്രീകൾക്കെതിരെ സവിശേഷ ആക്രമണങ്ങൾ നടത്തിയവരാണ്. ഗുജറാത്ത് വംശഹത്യയിലെ അതിജീവിത ബിൽക്കീസ് ബാനുവും അവസാനം രാജസ്ഥാനിലെ അലിശ്ബയുമെല്ലാം ഹിന്ദുത്വ ശക്തികളുടെ ജൻഡേർഡ് ഇസ്‌ലാമോഫോബിയയുടെ ഇരകൾ ആണ്. മണിപ്പൂരിൽ നഗ്നയാക്കപ്പെട്ട ഒരു സ്ത്രീയെ വഴി നടത്തിയതും കാണ്ഡമാൽ വംശഹത്യയിലെ ബലാത്സംഗവുമെല്ലാം ഹിന്ദുത്വശക്തികളുടെ രീതിശാസ്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. ഇതിന്റെ തുടർച്ചയായി വേണം ഇത്തരം നീക്കങ്ങളെയും മനസിലാക്കാൻ.
സുള്ളി ഡീൽ, ബുള്ളി ബായ് ആപ്പുകൾക്ക് ശേഷം സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുസ്‌ലിം സമൂഹത്തിനും സവിശേഷമായി അതിലെ സ്ത്രീ സമൂഹങ്ങൾക്കും എതിരെ വെറുപ്പ് ഉത്പ്പാദിപ്പിക്കാനുള്ള ഹിന്ദുത്വശക്തികളുടെ ശ്രമങ്ങളാണ് ഈ പ്രചാരണം. ഹിന്ദുത്വശക്തികൾക്ക് എതിരെ തീക്ഷണമായ ചെറുത്തുനിൽപ്പുകൾ നടത്തുന്ന മുസ്‌ലിം സ്ത്രീകളെ ഭയപ്പെടുത്താനുള്ള നീക്കങ്ങൾ കൂടിയാണ് ഇതെല്ലാം. പക്ഷേ അതിനെ ചെറുത്തുതോൽപ്പിക്കാനുള്ള കരുത്ത് മുസ്‌ലിം സ്ത്രീകൾ ആർജിച്ചിട്ടുണ്ടെന്ന് ഇനിയെങ്കിലും ഹിന്ദുത്വശക്തികൾ തിരിച്ചറിയണം.
ഇത്തരം പല ചിത്രങ്ങളിലും ഹിന്ദു പുരുഷന്മാർ ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നതും ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ്. മുസ്‌ലിം സ്ത്രീകൾക്കു മേൽ ഹിന്ദു പുരുഷനു തോന്നേണ്ട സാമൂഹിക- മാനസികനിലയെ ആണ് ഇത്തരം എഐ ചിത്രങ്ങളിലൂടെ നിർമിക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകളെ മുൻനിർത്തിയുള്ള വംശഹത്യാ ആഹ്വാനമായി തന്നെ ഇതിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള യോജിച്ച രാഷ്ട്രീയ- നിയമപോരാട്ടങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
വംശഹത്യാ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ ഭരണകൂടം ഈ ഹിന്ദുത്വ ഫാന്റസിക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ വെറുപ്പിൻ്റെ പ്രചാരകരാകുന്ന സോഷ്യൽമീഡിയ ഹാൻഡിലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾക്കെങ്കിലും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

