മംഗളൂരുവിലെ സംഘ്പരിവാർ ആൾക്കൂട്ടക്കൊല: അഷ്‌റഫിന്റെ ഘാതകരെ ശിക്ഷിക്കണമെന്ന് എസ്‌കെഎസ്എസ്എഫ്
'' തെരുവിൽ അഴിഞ്ഞാടുന്ന ക്രിമിനലുകൾ ദേശസ്നേഹത്തിന്റെ പേരിലുള്ള വ്യാജവാർത്തകളും കള്ളപ്രചാരണങ്ങളും നടത്തി രക്ഷപ്പെടുകയാണ്''

കോഴിക്കോട്: മംഗളൂരുവില്‍ മലയാളിയായ അഷ്റഫിനെ സംഘ്പരിവാര്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഘാതകരെ ശിക്ഷിക്കണമെന്ന് എസ്കെഎസ്എസ്എഫ്.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും ആര് എന്തിന്റെ പേരിൽ ചെയ്താലും അംഗീകരിക്കാൻ കഴിയില്ല. നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ കുറ്റവാളികൾ തെരുവിൽ നിയമം കയ്യിലെടുക്കുന്ന അവസ്ഥക്ക് അറുതി വരുത്തണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും ആവശ്യപ്പെട്ടു.
അഷ്റഫ് ക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ട സർക്കാറുകൾ ഇക്കാര്യം ഗൗരവത്തിൽ കാണണം. പരമത വിദ്വേഷവും അപരവൽക്കരണവും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത് ഇഷ്ടമില്ലാത്ത ആരെയും സംഘം ചേർന്ന് കൊല്ലാനും അതിനെ ന്യായീകരിക്കാനും അവസരമുണ്ടാകുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. തെരുവിൽ അഴിഞ്ഞാടുന്ന ക്രിമിനലുകൾ ദേശസ്നേഹത്തിന്റെ പേരിലുള്ള വ്യാജവാർത്തകളും കള്ളപ്രചരണങ്ങളും നടത്തി രക്ഷപ്പെടുകയാണ്.
ചില മുൻവിധികൾ വച്ചുപുലർത്തുന്ന ഭരണകൂടവും നിയമപാലകരും കുറ്റവാളികൾക്ക് സഹായകമാകുന്ന തരത്തിൽ പെരുമാറുന്നത് ആൾക്കൂട്ട ആക്രമങ്ങൾ വർധിക്കാനും ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാകുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Adjust Story Font
16

