Quantcast

'കേരള സ്റ്റോറി' കേരളത്തിന്റെ പാരസ്പര്യം തകർക്കാനുള്ള 'പ്ലാൻ ബി': എം.കെ മുനീർ

'കേരളത്തിന്റെ ദൃഢമാർന്ന പാരസ്പര്യബോധത്തെ തകർത്തു മാത്രമേ സംഘ്പരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് ഈ മണ്ണിൽ പടർന്നുകയറാൻ സാധിക്കൂവെന്ന പ്ലാൻ ബിയുടെ പൂർത്തീകരണമാണിത്.'

MediaOne Logo

Web Desk

  • Published:

    30 April 2023 12:33 PM GMT

SanghParivarpropagandafilm, MuslimLeagueonTheKeralaStory, MKMuneeronTheKeralaStory
X

കോഴിക്കോട്: കേരളത്തിന്‍റെ പാരസ്പര്യം തകർക്കാനുള്ള പുതിയ തന്ത്രത്തിന്‍റെ ഭാഗമാണ് 'കേരള സ്റ്റോറി' എന്ന സംഘ്പരിവാർ സിനിമയെന്ന് മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ. സംഘ്പരിവാറിന്‍റെ പനോപ്റ്റിക്കൽ വ്യൂവിന് പുറത്തുള്ള കേരളത്തിന്‍റെ ഭൂമിയിലേക്ക് എങ്ങനെ ചുവടുറപ്പിക്കാമെന്ന റിസർച്ചിന്റെ റിസൾട്ടുകളിലൊന്നാണ് ഈ പ്രോപ്പഗണ്ട സിനിമ. കമ്യുണിസ്റ്റുകൾ ഉൽപാദിപ്പിച്ചു സംഘ്പരിവാറിന് കൈമാറുന്ന ആശയങ്ങളിൽപെട്ടതാണ് ഇതുമെന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.

കേരളത്തിന്റെ ദൃഢമാർന്ന പാരസ്പര്യബോധത്തെ തകർത്തു മാത്രമേ സംഘ്പരിവാറിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് ഈ മണ്ണിൽ പടർന്നുകയറാൻ സാധിക്കൂവെന്ന പ്ലാൻ ബിയുടെ പൂർത്തീകരണമാണിത്. കേരളത്തിന്റെ ചരിത്രവും സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലവും സാംസ്കാരിക പൈതൃകവും തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സമവാക്യങ്ങളല്ലെന്ന് സംഘ്പരിവാർ തിരിച്ചറിയുന്നു. ഇതോടെയാണ് വിദ്വേഷത്തിന്റെയും അസത്യങ്ങളുടെയും പരീക്ഷണം. ഗുജറാത്ത് കലാപത്തിന്റെ മുന്നോടിയായി അവിടത്തുകാർ കേട്ട അപരദ്വേഷത്തിന്റെ വാക്കുകൾ കേരളത്തിലും കേട്ടുതുടങ്ങുന്നുവെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു.

'കലാപത്തിലൂടെ അധികാരലബ്ധിയെന്ന ഫാഷിസ്റ്റ് പരീക്ഷണമാകണം ലക്ഷ്യം. എന്നാൽ, അതിന് ഇരകളാവുന്നത് നിഷ്കളങ്കമായി നാളിതുവരെ കൈകോർത്തുപിടിച്ചു ജീവിച്ച സാധാരണ മനുഷ്യരാണ്. അവരുടെ സ്വപ്നങ്ങളാണ്. അഹമ്മദാബാദിലും നരോധഗാമിലും ബെഹ്റാംപുരയിലും ഗോമതിപൂരിലും സരസ്പൂരിലും അങ്ങനെ ഗുജറാത്തിലെ എത്രയോ പ്രദേശങ്ങളിൽ ഇന്നും കലാപങ്ങളിൽ കൈവിട്ടുപോയ മനസ്സിൻറെ സമനില വീണ്ടെടുക്കാൻ കഴിയാത്ത അനേകം മനുഷ്യരുണ്ട്. അവരുടെ നിലവിളികളുണ്ട്. അതിൽ ഹിന്ദുവും മുസ്‍ലിമുമുണ്ട്. ഹൃദയം പിളർക്കുന്ന അവരുടെ വേദനകളുണ്ട്. രക്തം കിനിയുന്ന അനുഭവങ്ങളുണ്ട്.'

കേരളീയ സമൂഹത്തിനകത്ത് ആ വഴി തിരയുന്നവരെ നാം അതിന് അനുവദിച്ചുകൂടാ. യാഥാർത്ഥ്യങ്ങൾ ഇല്ലാതെ വരുമ്പോൾ കാല്പനികകഥകളെ ഉപയോഗപ്പെടുത്തി അജൻഡകൾ സെറ്റ് ചെയ്യുന്നത് എല്ലാ ആവിഷ്കാരങ്ങൾക്കും മീതെയുള്ള എതിർശബ്ദങ്ങളില്ലാത്ത സമഗ്രാധിപത്യത്തിനുവേണ്ടി മാത്രമാണ്. അതിനായി ഒരു വിഭാഗം ജനതയെ ലക്ഷ്യംവെച്ച് അപസർപ്പക കഥകൾ സൃഷ്ടിച്ചുവരുന്നവർ, ജൂതവിരുദ്ധ സിദ്ധാന്തത്തിന്റെ പ്രയോക്താവായ ഹിറ്റ്ലറിന്റെ ഫാഷിസ്റ്റ് തന്ത്രങ്ങളെ അനുധാവനം ചെയ്യുന്നവരാണെന്ന് മനസ്സിലാക്കാൻ നമുക്കാവുന്നില്ലെങ്കിൽ എല്ലാം ഒടുങ്ങുന്ന സർവ്വനാശത്തിന്റെ തുടക്കമാണതെന്ന് തപ്തമനസ്സോടെ പറയേണ്ടി വരികയാണ്. അത്തരത്തിൽ ഒരു പരാജിതജനതയായി നാം മാറാതിരിക്കണമെങ്കിൽ ഏത് അന്ധകാരത്തിലും കെടാത്ത വിളക്കായി എപ്പോഴുമെന്നപോലെ നമ്മൾ രാജ്യത്തിനു വഴികാണിച്ചേ തീരൂവെന്നും എം.കെ മുനീർ വ്യക്തമാക്കി.

Summary: ''The Sangh Parivar film 'The Kerala Story' is part of a new strategy to destroy Kerala's religious harmony'', says MK Muneer, Muslim League assembly party deputy leader

TAGS :

Next Story