Quantcast

'ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലേ, ദീനരോദനങ്ങള്‍ കേട്ട് മടുത്തിട്ടില്ലേ'; സാദിഖലി ശിഹാബ് തങ്ങൾ

മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ?

MediaOne Logo

Web Desk

  • Published:

    28 Feb 2026 8:43 PM IST

ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലേ, ദീനരോദനങ്ങള്‍ കേട്ട് മടുത്തിട്ടില്ലേ; സാദിഖലി ശിഹാബ് തങ്ങൾ
X

കോഴിക്കോട്: ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണെന്നും യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും വേണ്ടിയും എല്ലാവരും പ്രാര്‍ഥിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ . യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലേ. ദീനരോദനങ്ങള്‍ കേട്ട് മടുത്തിട്ടില്ലേ. മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ?

ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണ്. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും അധിവസിക്കുന്നിടമാണ് അവിടെ. നമ്മുടെ നാടിന്‍റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ പ്രവാസികളെല്ലാം വലിയ പരിഭ്രാന്തിയിലാണ്. ഇതുവരെ ആളപായമില്ലെന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും വേണ്ടിയും എല്ലാവരും പ്രാര്‍ഥിക്കണം.

യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങള്‍. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്. ഒന്നാലോചിച്ചാല്‍ അവിടെ ബോംബ് വര്‍ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ പോലും അവിടെയുണ്ടെന്ന് മനസ്സിലാകും. യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്. അത് ബാധിക്കുന്നത് എല്ലാവരെയുമാണ്. ബോംബിനും മിസൈലുകള്‍ക്കും മനുഷ്യരുടെ മതങ്ങളും അവരുടെ രാഷ്ട്രീയവും തിരിച്ചറിയാന്‍ സാധിക്കില്ല. എല്ലാ മനസുകള്‍ക്കും സര്‍വ്വശക്തന്‍ സമാധാനം നല്‍കട്ടെ.

TAGS :

Next Story