Quantcast

'വർക്കിങ്, സ്റ്റിൽ മോഡലുകൾ ഇനി കുട്ടികൾ തന്നെ നിർമിക്കണം, വിഡിയോകളും ചിത്രങ്ങളും കൈമാറണം'; സ്കൂൾ ശാസ്ത്രോത്സവത്തില്‍ അടിമുടി മാറ്റങ്ങള്‍

നവംബർ ഏഴ് മുതൽ 10 വരെ പാലക്കാട് ജില്ലയിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രമേള നടക്കുന്നത്.

MediaOne Logo

Web Desk

  • Published:

    25 Aug 2025 6:42 AM IST

വർക്കിങ്, സ്റ്റിൽ മോഡലുകൾ ഇനി കുട്ടികൾ തന്നെ നിർമിക്കണം, വിഡിയോകളും ചിത്രങ്ങളും കൈമാറണം;  സ്കൂൾ ശാസ്ത്രോത്സവത്തില്‍ അടിമുടി മാറ്റങ്ങള്‍
X

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ പരിഷ്കാരപ്രകാരം വർക്കിംഗ്, സ്റ്റിൽ മോഡലുകൾ ഇനിമുതൽ കുട്ടികൾ തന്നെ നിർമ്മിക്കണം. നിർമാണ വേളയിലെ വിഡിയോകളും ചിത്രങ്ങളും പരിശോധിച്ച ശേഷമായിരിക്കും വിധികർത്താക്കൾ മാർക്ക് നൽകുക.

സ്കൂൾ ശാസ്ത്രമേളകളെ എപ്പോഴും ആകർഷകമാക്കുന്നവയാണ് വർക്കിംഗ്, സ്റ്റിൽ മോഡലുകൾ. പുത്തൻ ആശയങ്ങളും കണ്ടെത്തലുകളുമെല്ലാം വിദ്യാർഥികൾ ഈ ഇനത്തിലൂടെ പ്രദർശിപ്പിക്കാറുണ്ട്. പലപ്പോഴും പുറത്തുനിന്നുള്ള വിദഗ്ധരെ കൊണ്ട് നിർമ്മിച്ച മോഡലുകളുമായി വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട്. പക്ഷേ ഇത്തവണ മുതൽ ആ പരിപാടി നടക്കില്ല എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

വർക്കിംഗ്, സ്റ്റിൽ മോഡലുകളുടെ നിർമ്മാണം വിദ്യാർഥികൾ തന്നെ ചെയ്യണം. നിർമ്മാണ വേളയിലെ വിഡിയോകളും ചിത്രങ്ങളും പകർത്തണം. മത്സര സമയത്ത് 5 മിനിട്ടിൽ കവിയാത്ത നിര്‍മ്മാണ വിഡിയോയും വിധി നിര്‍ണയത്തിനായി കൈമാറണമെന്ന് പരിഷ്കരിച്ച മാന്വലിൽ പറയുന്നു. ഗവേഷണാത്മക പ്രോജക്ടുകള്‍ക്കും വിഡിയോ നിബന്ധന ബാധകമാണ്. ഒപ്പം ഫോട്ടോകൾ പ്രദർശിപ്പിക്കുകയും വേണം.

പ്രൈമറി തലത്തില്‍ പരിസര നിരീക്ഷണം നടത്തി കുറിപ്പ് തയ്യാറാക്കാനും, റോബോര്‍ട്ടിക്‌സ്, ഇലക്ട്രോണിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നീ തല്‍സമയ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി പരിചയ മേളയില്‍ നിന്ന് കുട, ചോക്ക്, ചന്ദനത്തിരി നിർമ്മാണ മത്സര ഇനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നവംബർ 7 മുതൽ 10 വരെ പാലക്കാട് ജില്ലയിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രമേള നടക്കുന്നത്.


TAGS :

Next Story