നഗരസഭ സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ ഭിന്നത; തിരുവനന്തപുരത്ത് സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് ഘടകകക്ഷികളുമായി നടന്ന സീറ്റ് ചർച്ചയിൽ ആർഎസ്പിക്ക് അഞ്ചും സിഎംപിക്ക് മൂന്നും വീതം സീറ്റുകൾ നൽകാണായിരുന്നു ധാരണ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത. സീറ്റ് നിഷേധിക്കപ്പെട്ട കേരള കോൺഗ്രസ് 18 ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിന്‍റെ മേയർ സ്ഥാനാർഥി കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന കവടിയാർ ഉൾപ്പെടെയുള്ള ഡിവിഷനുകളിലാണ് സ്ഥാനാർഥി പ്രഖ്യാപനം.
തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് ഘടകകക്ഷികളുമായി നടന്ന സീറ്റ് ചർച്ചയിൽ ആർഎസ്പിക്ക് അഞ്ചും സിഎംപിക്ക് മൂന്നും വീതം സീറ്റുകൾ നൽകാണായിരുന്നു ധാരണ. എന്നാൽ കേരള കോൺഗ്രസിന് ഒരു സീറ്റ് പോലും നൽകിയില്ല.
മാത്രമല്ല 2020ൽ മത്സരിച്ച പൂന്തുറയും കോൺഗ്രസ് തിരിച്ചെടുത്തു. ഇതോടെയാണ് കേരള കോൺഗ്രസ് ഇടഞ്ഞത്. പിന്നാലെ 32 വാർഡുകളിൽ തനിച്ച് മത്സരിക്കാനുമാണ് തീരുമാനം. ആദ്യഘട്ടത്തിൽ 18 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് കേരള കോൺഗ്രസ് പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു.യുഡിഫിന്‍റെ മേയർ സ്ഥാനാർഥി കെ.എസ് ശബരീനാഥൻ മത്സരിക്കുന്ന കവടിയാറിൽ അടക്കമാണ് കേരള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ഇവിടെ സാമുദായിക സംഘടനകളുടെ പിന്തുണയുള്ള ജോസഫ് അലക്സാണ്ടർ ആണ് സ്ഥാനാർഥി.പൂന്തുറ, വിഴിഞ്ഞം പോർട്ട്, സൈനിക സ്കൂൾ ഡിവിഷനുകളിൽ ഒറ്റയ്ക്ക് മത്സരിച്ച ജയിക്കാൻ കഴിയും എന്നാണ് കേരള കോൺഗ്രസിന്‍റെ അവകാശവാദം.
ഇതിനിടെ അനുനയ നീക്കത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി കോൺഗ്രസ് നേതാക്കൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിജയ സാധ്യതയുള്ള ഒരു സീറ്റ് എങ്കിലും ലഭിച്ചില്ലെങ്കിൽ മത്സര രംഗത്ത് നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
Adjust Story Font
16

