Quantcast

അഞ്ച് വര്‍ഷത്തിനിടെ രണ്ടാം തോല്‍വി; ഭരണവിരുദ്ധ തരംഗത്തില്‍ കാലിടറി സ്വരാജ്

11,077 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം നേടിയത്

MediaOne Logo

Web Desk

  • Updated:

    2025-06-23 11:58:33.0

Published:

23 Jun 2025 1:27 PM IST

അഞ്ച് വര്‍ഷത്തിനിടെ രണ്ടാം തോല്‍വി; ഭരണവിരുദ്ധ തരംഗത്തില്‍ കാലിടറി സ്വരാജ്
X

കോഴിക്കോട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം എം. സ്വരാജിനും എൽഡിഎഫിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍ഡിഎഫ് കൈവിടുന്നത്.

എം. സ്വരാജിന്റെ സ്വീകാര്യത എൽഡിഎഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ അഭിപ്രായപ്പെടുന്നത്. കാരണം നിലമ്പൂരില്‍ എല്‍ഡിഎഫിന് നിര്‍ത്താന്‍ സാധിക്കുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായിരുന്നു എം. സ്വരാജ്. സമീപകാലത്ത് അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത അത്രത്തോളമാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിന് നല്‍കിയ അവേശം ചെറുതായിരുന്നില്ല. എങ്കിലും ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം.

പാര്‍ട്ടിക്ക് മാത്രമല്ല എം. സ്വരാജ് എന്ന നേതാവിനും തെരഞ്ഞെടുപ്പ് തോല്‍വി സമ്മാനിക്കുന്നത് വലിയ ക്ഷീണമാണ്. അഞ്ച് വര്‍ഷത്തിനിടെ സ്വരാജിന്റെ രണ്ടാം തോൽവിയാണിത്. രാഷ്ട്രീയമായ പോരാട്ടത്തിനാണ് താനിറങ്ങുന്നതെന്നാണ് സ്വരാജ് തുടക്കം മുതല്‍ തന്നെ പറഞ്ഞിരുന്നു. സ്വരാജിന്റെ വ്യക്തിപരമായ പ്രതിച്ഛായയാണ് സിപിഎം പ്രധാനമായും പ്രചാരണായുധമാക്കിയത്. അതുകൊണ്ടുതന്നെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുമുതൽ തന്നെ ലീഡെടുത്താണ് ആര്യാടൻ ഷൗക്കത്ത് മുന്നേറിയത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. ഒടുവിൽ 11,077 വോട്ടിന്റെ ലീഡ് നേടിയാണ് ഷൗക്കത്ത് വിജയം നേടിയത്.

TAGS :

Next Story