വാഹനം പഞ്ചറായി ഒരു മണിക്കൂര്‍ പെരുവഴിയില്‍, വഴിതെറ്റി, ഷാരൂഖ് സെയ്ഫിക്കൊപ്പമുണ്ടായിരുന്നത് മൂന്നു പൊലീസുകാര്‍ മാത്രം
ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
കണ്ണൂര്‍: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച. മഹാരാഷ്ട്രയിൽ നിന്ന് അനൌദ്യോഗിക വാഹനത്തിൽ മൂന്ന് പൊലീസുകാരുടെ മാത്രം സുരക്ഷയിലാണ് സെയ്ഫിയെ എത്തിച്ചത്. കേരളാ അതിർത്തിയിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് സെയ്ഫിയെ മാറ്റി. സെയ്ഫിയുമായി വന്ന ഈ വാഹനം കണ്ണൂർ മേലൂർ മാമാക്കുന്ന് വച്ച് പഞ്ചറായി ഒരു മണിക്കൂറിലധികമാണ് പെരുവഴിയിൽ കുടുങ്ങിയത്. കണ്ണൂരിൽ പൊലീസിന് വഴി തെറ്റുകയും ചെയ്തു.
തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിലാണ് സെയ്ഫിയെ കൊണ്ടുവന്നത്. അതിനുശേഷം ഫോർച്ചുണർ കാറിലേക്ക് പ്രതിയെ മാറ്റി പുലര്‍ച്ചെ ഒരു മണിയോടെ കേരള അതിർത്തി കടന്നു. 3.20ഓടെ വാഹനം കണ്ണൂര്‍ വളപട്ടണത്തെത്തി. ചാല ബൈപാസിലെത്തിയപ്പോഴാണ് വഴിതെറ്റിയത്. കൂത്തുപറമ്പ് റോഡില്‍ കുറേദൂരം സഞ്ചരിച്ചപ്പോഴാണ് വഴി തെറ്റിയെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് മമ്മാക്കുന്ന് പാലം വഴി തലശ്ശേരിക്ക് പോകുന്നതിനിടെ മേലൂരില്‍ വെച്ച് വാഹനത്തിന്‍റെ ടയര്‍ പഞ്ചറായി.
അരമണിക്കൂറിനു ശേഷം എടക്കാട് സ്റ്റേഷനില്‍ നിന്ന് ബൊലേറോ ജീപ്പെത്തി. ഈ വാഹനവും സ്റ്റാര്‍ട്ടാവാത്തതിനെ തുടര്‍ന്ന് വീണ്ടും അര മണിക്കൂറോളം പ്രതിയുമായി പൊലീസ് പെരുവഴിയിലായി. അപ്പോഴേക്കും പ്രദേശവാസികള്‍ തടിച്ചുകൂടി. തുടര്‍ന്ന് 4.45ഓടെ സ്വകാര്യ വാഗണര്‍ കാറിലാണ് ഷാരൂഖ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്. അത്യപൂര്‍വമായ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുമായി പോകുമ്പോള്‍, മതിയായ സുരക്ഷയില്ലാതെ മൂന്നു പൊലീസുകാര്‍ വിജനമായ സ്ഥലത്ത് കഴിച്ചുകൂട്ടിയത് ഒരു മണിക്കൂറോളമാണ്. സാധാരണ ഇത്തരം കേസുകളിലെ പ്രതിയുമായി പോകുമ്പോള്‍ എസ്കോര്‍ട്ട് വാഹനമുണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ അതൊന്നുമുണ്ടായില്ല. അതുകൊണ്ടാണ് ഗുരുതര സുരക്ഷാവീഴ്ചയെന്ന ആരോപണമുയര്‍ന്നത്.
സെയ്ഫിയുടെ ചോദ്യംചെയ്യൽ നടപടികൾക്കായി എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോഴിക്കോട് മാലൂർക്കുന്ന് എആർ ക്യാമ്പിലെത്തിയിട്ടുണ്ട്. ട്രെയിനില്‍ എന്തിന് തീ കൊളുത്തിയെന്ന ചോദ്യത്തിന് തന്‍റെ കുബുദ്ധിയെന്ന് ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ്. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തില്ല. കേരളത്തിലെത്തിയത് ആദ്യമായാണെന്നും ഷാരൂഖ് സെയ്ഫി മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പാർട്ട്മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര ചെയ്തെന്നും ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.
Adjust Story Font
16