'ഗൺമാൻമാർ മർദിക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷാ സംഘമില്ലാതെ സഞ്ചരിച്ചു; വീഴ്ച ഉണ്ടായി'; എസ്ഐടി റിപ്പോർട്ട്
റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന്

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പ്രത്യേക അന്വേഷണസംഘം.ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്ന സമയത്ത് പിണറായി വിജയൻ സുരക്ഷ സംഘമില്ലാതെ സഞ്ചരിച്ചുവെന്ന് എസ്ഐടി. ആലപ്പുഴ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ലംഘനം ഉണ്ടായെന്നും റിപ്പോർട്ടിൽ. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന്.
മർദനത്തിൽ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ നൽകാൻ തീരുമാനമായി. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഷൻ വലിയ സന്തോഷം നൽകുന്ന തീരുമാനമാണെന്ന് മർദനത്തിന് ഇരയായ എ.ടി തോമസ് എംഎൽഎ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വളരെ പോസിറ്റീവ് ആയി നോക്കി കാണുന്നു. കേസ് ദുർബൽപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അജിത് കുമാറിനെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താൻ എന്നും ആവശ്യം.
കേസിൽ ശക്തമായ വകുപ്പുതല നടപടി വേണമെന്ന് എസ്ഐടി ശിപാർശ ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് പുറമേ ഷൈജു, അരുൺ, വിപിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്താണ് എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Adjust Story Font
16

