മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ മാസ്റ്റർ അന്തരിച്ചു
ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു മാസത്തോളമായി തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു

തൃശൂർ: മുതിർന്ന സിപിഎം നേതാവും മുൻ തൃശൂർ ജില്ലാ സെക്രട്ടറിയുമായ ബേബി ജോൺ മാസ്റ്റർ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, തൃശൂർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
1952ൽ മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായാണ് ബേബി ജോൺ ജനിച്ചത്. 1969 മുതൽ ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം 1971ൽ സിപിഎം അംഗമായി.
പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ശേഷം 1984 മുതൽ 1997 വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. 1986ൽ ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം 1997ൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 2006 ജൂലൈയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.
നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോൺ അടിയന്തരാവസ്ഥക്കാലത്ത് രണ്ടരമാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് പൊലീസ് മർദനത്തിനിരയായി. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായിട്ടുണ്ട്.
1971 മുതൽ തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചു. പൊലീസ് നടപടികളെ തുടർന്ന് ഒന്നര വർഷത്തോളം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. തുടർന്ന് 1991ൽ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
ബേബി ജോൺ മാസ്റ്ററുടെ മൃതദേഹം നാളെ വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 10 മുതൽ 11 വരെ തൃശൂർ ഡിസി ഓഫീസിലും, രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെ പുവ്വത്തൂരിലെ വീട്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് ഉച്ചയ്ക്ക് 3 മുതൽ ചാവക്കാട് ഹോച്മിൻ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് 4 മണിക്ക് ചാവക്കാട് പൊതുശ്മശാനത്തിലാണ് സംസ്കാരം. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ബേബി ജോൺ മാസ്റ്ററിന് അന്ത്യോപചാരം അർപ്പിക്കും.
ഭാര്യ: ഭാര്യ പരേതയായ ഷീല. മാനവൻ, ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക്) എന്നിവരാണ് മക്കൾ.
Adjust Story Font
16

