Quantcast

അമ്പലമേട്ടിൽ ലോഡ്ജിൽ റെയ്ഡ്; 15 കിലോ കഞ്ചാവുമായി ഏഴംഗ സംഘം അറസ്റ്റിൽ

ഒഡിഷയിൽനിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി തമിഴ്‌നാട്ടിൽനിന്നുള്ള വരുന്ന ലോറികളിലാണ് ഇവർ എറണാകുളത്ത് എത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 April 2023 2:30 PM GMT

CannabisraidinErnakulamAmbalamedu, 15kgofcannabisseizedinErnakulam
X

കൊച്ചി: എറണാകുളം അമ്പലമേട്ടിൽ 15 കി.ഗ്രാം കഞ്ചാവുമായി ഏഴുപേർ അറസ്റ്റിൽ. അമ്പലമേട് കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽ കൊച്ചി സിറ്റി ഡാൻസാഫും അമ്പലമേട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏഴംഗസംഘത്തെ പിടികൂടിയത്.

കൊല്ലം കരുനാഗപ്പിള്ളി തോട്ടുംമുഖം ജ്യോതിസ് ഭവനത്തിൽ ജ്യോതിസ്(22), എറണാകുളം തിരുവാങ്കുളം മാമല കിഴക്കേടത്ത് വീട്ടിൽ അക്ഷയ് രാജ്(24), കരുനാഗപ്പിളളി ശാസ്താംകോട്ട വലിയവിള പുത്തൻവീട്ടിൽ ശ്രീലാൽ (26), ശാസ്താംകോട്ട മണ്ണൂർ അയ്യത്തുവീട്ടിൽ ഹരികൃഷ്ണൻ(26), ഓച്ചിറ മേപ്പനത്ത് കുമാർ ഭവനത്തിൽ ദിലീപ് എന്ന ബോക്‌സർ ദിലീപ് (27), ആലപ്പുഴ മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), ആലപ്പുഴ കായംകുളം സ്വദേശിനി ശിൽപശ്യാം(19) എന്നിവരാണ് പിടിയിലായത്. ഒഡിഷയിലെ ബാലൻഗീർ ജില്ലയിലുള്ള കഞ്ചാവ് മാഫിയയിൽനിന്ന് ഇടനിലക്കാരൻ വഴി വാങ്ങുന്ന കഞ്ചാവ് പച്ചക്കറി, പലചരക്ക് സാധനങ്ങളുമായി തമിഴ്‌നാട്ടിൽനിന്ന് വരുന്ന ലോറികളിലാണ് ഇവർ എറണാകുളത്ത് എത്തിക്കുന്നത്.

ഹൈവേകളിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിറുത്തി എറണാകുളത്തുള്ള ഏജന്റുമാർ കാറുകളിലും മറ്റും എത്തി ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഇതു പിന്നീട് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന വൻസംഘത്തിലെ കണ്ണികളാണിവർ.

പ്രതികളിൽ ബോക്‌സർ ദിലീപ് കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മറ്റൊരു പ്രതിയായ ഹരികൃഷ്ണന്റെ ബാഗിൽനിന്ന് മാരകായുധവും കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ. സേതുരാമയ്യർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഡെപ്യൂട്ടി കമ്മീഷണർ ടി. ബിജു ഭാസകറിന്റെ നിർദേശപ്രകാരം നാർക്കോട്ടിക് അസി. കമ്മിഷണർ കെ.എ അബ്ദുൽ സലാം നേതൃത്വം നൽകി. അമ്പലമേട് ഇൻസ്‌പെക്ടർ, ലാൽ സി. ബേബി, സബ് ഇൻസ്‌പെക്ടർ റജി പി.പി അബ്ദുൽ ജബ്ബാർ, എ.എസ്.ഐ അജയകുമാർ, റജി വി. വർഗീസ് എന്നിവരും കൊച്ചി സിറ്റി ഡാൻസാഫും റെയ്ഡിന്റെ ഭാഗമായി.

Summary: Seven people were arrested with 15 kg cannabis in Ambalamedu, Ernakulam

TAGS :

Next Story