Quantcast

നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന ലവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പ് : എസ്.എഫ്.ഐ

കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഉള്ളതുകൊണ്ടാണ് മതവർഗീയത പ്രചരിപ്പിക്കുന്ന വിദ്യാർഥി സംഘടനകൾക്ക് വിദ്യാർഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്തതെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    6 Dec 2023 1:56 PM GMT

sfi against nasar faizy koodathai statement
X

തിരുവനന്തപുരം: സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവന ലവ് ജിഹാദ് ആരോപണത്തിന്റെ പകർപ്പെന്ന് എസ്.എഫ്.ഐ. രാജ്യത്തെ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിന് സംഘപരിവാരം വർഷങ്ങൾക്ക് മുമ്പേ ഉയർത്തിവിട്ട ആരോപണമാണ് ലവ് ജിഹാദ്. കേരളം ലവ് ജിഹാദിന്റെ കേന്ദ്രമാണ് എന്നുൾപ്പെടെ സംഘപരിവാരം പ്രചരിപ്പിച്ചു. ഇതിനെതിരെ ഒരേ മനസ്സോടെയാണ് കേരള ജനത പ്രതികരിച്ചത്. സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് നടത്തിയ ശ്രമത്തിന്റെ മറ്റൊരു പകർപ്പാണ് നാസർ ഫൈസിയുടെ ഇന്നത്തെ പ്രതികരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിദ്യാർഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്, അല്ലാതെ മതനിരാസത്തിന്റെ പക്ഷത്തല്ല. എല്ലാ മതസ്ഥർക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ക്യാമ്പസുകളിൽ ഒരേ മനസ്സോടെ അണിനിരക്കാൻ കഴിയുന്ന സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാർഥികളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവർഗീയ ശക്തികൾക്ക് എതിരാണ് എന്നും എസ്.എഫ്.ഐ. സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദലിതരെയും വേട്ടയാടുമ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ ഇതിനെതിരെ പ്രതിരോധങ്ങൾ തീർക്കുന്നത് എസ്.എഫ്.ഐ ആണ്. കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഉള്ളതുകൊണ്ടാണ് എ.ബി.വി.പിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്.ഐ.ഒയെയും പോലുള്ള മതവർഗീയത പ്രചരിപ്പിക്കുന്ന വിദ്യാർഥി സംഘടനകൾക്ക് വിദ്യാർഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ ആവാത്തത് എന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.

TAGS :

Next Story