എസ്എഫ്ഐ സംഘ്പരിവാർ പ്രചാരണം ഏറ്റുപാടുന്നു: എസ്ഐഒ
'ഇന്ത്യയിൽ ജാതിയില്ലെന്ന ജാതിവാദികളുടെ ആക്രോശവും വെള്ള വംശീയത കറുത്ത വംശജൻ്റെ കുഴപ്പമാണെന്നുമുള്ള അതേ വംശീയ യുക്തി തന്നെയാണ് എസ്എഫ്ഐ നേതാവിൻ്റെയും അവലംബം'.

കോഴിക്കോട്: കേരളത്തിൽ ഇസ്‌ലാമോഫോബിയ ഇല്ലെന്നും ചില മുസ്‌ലിം സംഘടനകളാണ് പ്രശ്നക്കാരെന്നുമുള്ള എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്താവന സംഘ്പരിവാർ പ്രചാരണങ്ങളുടെ ആവർത്തനം മാത്രമാണെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അബ്ദുൽ വാഹിദ്. ഇന്ത്യയിൽ ജാതിയില്ലെന്ന ജാതിവാദികളുടെ ആക്രോശവും വെള്ള വംശീയത കറുത്ത വംശജൻ്റെ കുഴപ്പമാണെന്നുമുള്ള അതേ വംശീയ യുക്തി തന്നെയാണ് എസ്എഫ്ഐ നേതാവിൻ്റെയും അവലംബം.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാമ്പസ് തെരെഞ്ഞെടുപ്പ് സമയത്ത് ഇതേ എസ്എഫ്ഐയുടെ നേതാക്കൾ, പേര് കണ്ടാൽ തന്നെ വർഗീയമാണെന്ന് മനസിലാകും എന്ന് എംഎസ്എഫിനെതിരെ പറഞ്ഞ് ഇസ്‌ലാമോഫോബിക്കായ കാമ്പയിന് നേതൃത്വം നൽകിയത്. അന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് എംഎസ്എഫിനെ മൗദൂദി സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നാണ് വിളിച്ചത്.
മുസ്‌ലിം സമുദായത്തിൻ്റെ രാഷ്ട്രീയ സംഘാടനങ്ങളോടുള്ള ഈ വംശീയ മുൻവിധി തന്നെയാണ് ഇസ്‌ലാമോഫോബിയ എന്ന് മനസിലാക്കാനുള്ള ശേഷിയും സത്യസന്ധതയും എസ്എഫ്ഐക്ക് ഇല്ലാതെ പോകുന്നത് ആശയങ്ങൾ സംഘ്പരിവാറിൽ നിന്ന് കടമെടുക്കുന്നത് കൊണ്ടാണ്. സമുദായത്തിലെ ഏതെങ്കിലും ചില സംഘടനകളെ നാട്ടക്കുറിയാക്കി ഉള്ളിൽ പേറുന്ന വംശീയബോധങ്ങളെ അധികകാലം മറച്ചുപിടിക്കാൻ സാധിക്കില്ല.
കേരളത്തിൽ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും വലിയ പ്രചാരകരാവുകയും എന്നാൽ ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായ നിലപാടെടുത്ത മംദാനിയെ ആഘോഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ അശ്ലീലത ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

