Quantcast

സിദ്ധാർത്ഥ​ന്റെ മരണത്തിൽ എസ്.എഫ്.ഐക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുനിൽ പി ഇളയിടം

ഉത്തരേന്ത്യയിലെ വർഗീയ ആക്രമണത്തേക്കാൾ ക്രൂരമായാണ് സിദ്ധാർഥനെ അവർ വേട്ടയാടിയത്

MediaOne Logo

Web Desk

  • Updated:

    2024-03-07 13:06:56.0

Published:

7 March 2024 12:56 PM GMT

സിദ്ധാർത്ഥ​ന്റെ മരണത്തിൽ എസ്.എഫ്.ഐക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുനിൽ പി ഇളയിടം
X

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർഥ​ൻ മരിച്ച സംഭവത്തിൽ എസ്.എഫ്.ഐക്കും ഉത്തരവാദിത്തമുണ്ടെന്ന് ഇടത് സൈദ്ധാന്തികൻ സുനിൽ പി ഇളയിടം. സിദ്ധാർഥൻ ക്രൂര മർദ്ദനത്തിന് ഇരയായ സംഭവത്തിലും മരണത്തിലും എസ്.എഫ്.​ഐക്ക് ഉത്തരവാദിത്തമുണ്ട്. അതിൽ നിന്ന് മാറി നിൽക്കാൻ എസ്.എഫ്.ഐക്ക് ആകില്ല. എതെങ്കിലും ഒരു അനുയായി ക്രിമിനൽ ആക്ടിവിറ്റിയിൽ ഏർപ്പെട്ടാൽ എസ്.എഫ്.​ഐ എന്ന സംഘടനക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനൊന്നും കഴിയില്ല. പക്ഷെ ഇത് അങ്ങനെയല്ല.ഒരു കാമ്പസിൽ മൊബ് ലിഞ്ചിങ്ങ് പോലുള്ളവ നടക്കുന്നുണ്ടെങ്കിൽ അത് തടയാനുള്ള ഉത്തരവാദിത്തം എസ്.എഫ്.ഐക്കാണ്. അത് തടഞ്ഞാണ് എസ്.എഫ്.​​ഐ വളർന്നുവന്നത്. അതാണ് അവരുടെ അടിസ്ഥാന രാഷ്ട്രിയമെന്നിരിക്കെ ഈ കാമ്പസിൽ എസ്.എഫ്.​ഐ നേതാക്കൾ തന്നെയാണ് ​മൊബ് ലിഞ്ചിങ്ങിന് നേതൃത്വം കൊടുത്തത്. ഇവരെങ്ങനെ എസ്.എഫ്.​ഐ ആയെന്ന് സംഘടന അന്വേഷിക്കണം. അവിടെ നടന്നതെല്ലാം ക്രിമിനൽ ആക്ടിവിറ്റിയാണ്. പ്രതിപട്ടികയിൽ മൂന്നാളായാലും മുപ്പതാളായാലും അതിൽ പൂർണ ഉത്തരവാദിത്തം എസ്.എഫ്.​ഐക്കാ​ണെന്നും സുനിൽ പി ഇളയിടം പറഞ്ഞു. ദ മലബാർ ജേർണൽ എന്ന ​ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായാതായി അറിയില്ല. സദാചാര ആക്രമണം പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ഒരു കലാലായത്തിനുള്ളിൽ ഒരു വിദ്യാർഥിയെ ആൾക്കൂട്ട വിചാരണ നടത്തി കൈകാര്യം ചെയ്യുന്ന സംഭവം എന്റെ ഓർമയിലില്ല. മൊബ് ലിഞ്ചിങ്ങാണ് അവിടെ നടന്നത്. ഒറ്റതിരിഞ്ഞ ആക്രമങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഉത്തർ പ്രദേശിലെയും ഉത്തരേന്ത്യയിലെയും വർഗീയ ആക്രമങ്ങളെ കുറിച്ച് പറയുന്നതിനേക്കാൾ ക്രൂരമായാണ് സിദ്ധാർഥനെ അവർ വേട്ടയാടിയതെന്നാണ് മനസിലാക്കുന്നത്.

സ്വഭാവികമായും കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെയും നമ്മുടെ വിദ്യാർഥി ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങളെ മാരകമായി ബാധിക്കുന്ന ഒരു ഹീനമായ കുറ്റക്യത്യമായിട്ട് തന്നെയാണ് അതി​നെ കാണേണ്ടത്. ഒരു തരത്തിലും അതിനെ വെച്ച് പൊറുപ്പിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാമ്പസിനകത്ത് നടന്ന ആക്രമണമോ കൈയേറ്റമോ ആയിട്ട് മാത്രമല്ല കാണേണ്ടത്. വളരെ ഹീനമായ ആൾക്കൂട്ട ആക്രമണത്തിന്റെ സ്വഭാവം ഇതിലുണ്ട്.

സാമൂഹിക ജീവിതത്തെയും വിദ്യാഭ്യാസ അന്തരീക്ഷത്തെയും പറ്റി നമ്മൾ വെച്ചുപുലർത്തുന്ന എല്ലാ ബോധ്യങ്ങളെയും വേരോടെ പറിച്ചുകളയുന്നത്ര ഗുരുതരമായ നടപടികളാണ് വിദ്യാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മൊബ് ലിഞ്ചിങ്ങ് കണ്ടുനിന്ന മറ്റു കുട്ടികൾ അതിനെ കുറിച്ച് പുറത്തു പറയാൻ പോലും തയാറാകുന്നില്ല. ഇത് ചെറു​ക്കേണ്ട ആളുകളെന്ന് സമൂഹം കരുതുന്നവരാണ് മൊബ് ലിഞ്ചിങ്ങിന്റെ നടത്തിപ്പുകാരായി മാറിയതെന്നും, ഇത് ഭയപ്പെടുത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story