Quantcast

'ഷാജിയെ എസ്.എഫ്.ഐ നേതാക്കൾ മർദിച്ചു'; കേരള യൂനി. കലോത്സവ വിധികര്‍ത്താവിന്‍റെ മരണത്തില്‍ നൃത്തപരിശീലകന്‍

എസ്.എഫ്.ഐ പ്രവർത്തകരായ വിമൽ വിജയ്, നന്ദൻ, അക്ഷയ് എന്നിവർ ചേർന്നാണു മർദിച്ചതെന്ന് ജോമറ്റ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-15 11:22:47.0

Published:

15 March 2024 3:14 PM IST

ഷാജിയെ എസ്.എഫ്.ഐ നേതാക്കൾ മർദിച്ചു; കേരള യൂനി. കലോത്സവ വിധികര്‍ത്താവിന്‍റെ മരണത്തില്‍ നൃത്തപരിശീലകന്‍
X

കൊച്ചി: കേരള യൂനിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴക്കേസിൽ വിധികർത്താവിന്റെ മരണത്തിൽ എസ്.എഫ്.ഐക്കെതിരെ ആരോപണവുമായി നൃത്തപരിശീലകന്‍. മാർഗംകളി വിധികർത്താവ് പി.എൻ ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്‌സാക്ഷികളാണെന്ന് നൃത്തപരിശീലകൻ ജോമറ്റ് വെളിപ്പെടുത്തി. എസ്.എഫ്.ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും അദ്ദേഹം ആരോപിച്ചു.

മർദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ജോമറ്റ് പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരായ വിമൽ വിജയ്, നന്ദൻ, അക്ഷയ് എന്നിവർ ചേർന്നാണു മർദിച്ചത്. എല്ലാത്തിനും നേതൃത്വം നൽകിയത് അഞ്ജു കൃഷ്ണയും. കൂടെ കണ്ടാലറിയാവുന്ന 70 പേരും ഉണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെയും മർദിച്ചിരുന്നു. ഇവർക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകർ പറഞ്ഞു.

മാര്‍ച്ച് 13നാണ് കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിരുന്നു.

കേരള സർവകലാശാല കലോത്സവം ചരിത്രത്തിലാദ്യമായി നിർത്തിവച്ചതിനു പിന്നാലെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. മാർഗംകളിയുടെ വിധിനിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയര്‍ന്നത്. കലോത്സവത്തിൽ മാർഗംകളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി. ഓരോ മത്സര ഫലത്തിനും പണം ആവശ്യപ്പെട്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മത്സരാർഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിച്ചത്.

വിധികർത്താക്കളുടെയും ഇടനിലക്കാരുടെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിൾ ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിച്ചത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.

Summary: Dance coaches accuse SFI of death of Judge PN Shaji in Kerala University Arts Festival corruption case

TAGS :

Next Story