കേരള സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ എസ്എഫ്‌ഐ
''സംഘ്പരിവാർ വർഗീയ അജണ്ടകൾ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങൾ ഏതറ്റംവരെയും എസ്എഫ്ഐ പ്രതിരോധിക്കും''

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച ഗവർണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി പ്രതിഷേധാർഹമെന്ന് എസ്എഫ്ഐ.
ഉന്നത നിലവാരം പുലർത്തുന്ന കേരളത്തിന്റെ സർവകലാശാലകളെ കാവിവത്കരിക്കുവാൻ ആർഎസ്എസ് നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം. ഇതിനു മുൻപും രാഷ്ട്രീയ ലാഭം നേടുവാനും സംഘ്പരിവാർ താത്പര്യത്തെ സംരക്ഷിക്കുവാനും വർഗീയ അജണ്ടകൾ നടപ്പിലാക്കുവാനുമുള്ള മുൻ ചാന്‍സിലര്‍മാരുടെ നീക്കങ്ങൾ കേരളീയ പൊതുസമൂഹം കണ്ടതാണ്.
സർവകലാശാല പ്രവർത്തനങ്ങളെ നിശ്ചലമാക്കുവാനും സംഘ്പരിവാർ രാഷ്ട്രീയത്തെ ഒളിച്ചുകടത്തുവാനുമുള്ള ആർഎസ്എസ് നീക്കവും ചാൻസിലറുടെ അമിതാധികാര പ്രവണതകളും അനുഭവമുള്ളതാണ്.
സംഘ്പരിവാർ വർഗീയ അജണ്ടകൾ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങൾ ഏതറ്റം വരെയും എസ്എഫ്ഐ പ്രതിരോധിക്കും. നിലവിൽ നടത്തിയിട്ടുള്ള അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കിൽ കരുത്തുള്ള സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ജന്മഭൂമി ദിനപത്രത്തിലെ എം സതീശനെയാണ് കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്.
Adjust Story Font
16

