സഹപാഠികളുടെ ആക്രമണത്തിൽ ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകർന്നത്; പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ

കോഴിക്കോട്: താമരശ്ശേരിയിൽ സഹപാഠികളുടെ മർദനമേറ്റ് മരിച്ച ഷഹബാസിന്റെ തലയോട്ടി മർദനത്തിൽ തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. വലതു ചെവിയുടെ മുകളിലായാണ് തലയൊട്ടി തകർന്നത്.
സ്വകാര്യ ട്യൂഷൻ സെന്ററിൽ നടന്ന ഫെയർവെൽ പരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായത്. തലക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണം. നഞ്ചക്ക് ഉപയോഗിച്ചാണ് ഷഹബാസിനെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സ്ഥിരീകരിച്ചത്. പരിക്കേറ്റ ഷഹബാസ് സുഹൃത്തിന്റെ വാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഉച്ചക്ക് 12.30 യോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.താമരശ്ശേരി കെടവൂർ ജുമാ മസ്ജദില്‍ സഹപാഠികളടക്കം നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്ത്യയാത്രയേകാൻ എത്തിയത്. വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച കെടവൂർ മദ്രസയിലും, മയ്യിത്ത് നമസ്കാരം നടന്ന ചുങ്കം ടൌണ്‍ ജുമാ മസ്ജദിലും വികാരനിർഭരമായ രംഗങ്ങളാണ് ഉണ്ടായത് . വൈകീട്ട് താമരശ്ശേരി ചുങ്കം ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കി.
ഷഹബാസ് വധക്കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരായ അഞ്ചു വിദ്യാർഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് വിട്ടു. ഇവർക്ക് പരീക്ഷ എഴുതാൻ അവസരം നൽകും.
Adjust Story Font
16

