Quantcast

എം.എ യൂസുഫലിയുടെ പത്തു കോടിയുടെ മാനനഷ്ടക്കേസ്: ഖേദം പ്രകടിപ്പിച്ച് മാപ്പുപറഞ്ഞ് ഷാജൻ സ്‌കറിയ

ഏഴു ദിവസത്തിനകം കേരളത്തിലെ പ്രമുഖ പത്ര, ഓൺലൈൻ മാധ്യമങ്ങളിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും പത്തു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടില്ലെങ്കിൽ നിയമനടപടികൾ ആരംഭിക്കുമെന്ന് വക്കീൽ നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-04-20 01:24:24.0

Published:

19 April 2023 4:51 PM GMT

defamatoryremarksagainstMAYusufAli, MAYusufAlinoticeagainstShajanSkariah, ShajanSkariahapologizes, MarunadanMalayalidefamationcase
X

കോഴിക്കോട്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഷാജൻ സ്‌കറിയ. മാനനഷ്ടത്തിനും അപകീർത്തി പരാമർശങ്ങൾക്കും പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസുഫലി വക്കീൽ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഖേദപ്രകടനം. ഖേദം പ്രകടിപ്പിക്കുകയും മാപ്പുചോദിക്കുകയും ചെയ്തിട്ടുണ്ട് ഷാജൻ സ്‌കറിയ.

മാർച്ച് ആറിന് 'മറുനാടൻ മലയാളി' യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വിഡിയോയ്‌ക്കെതിരെയാണ് യൂസുഫലി വക്കീൽ നോട്ടിസ് നൽകിയത്. മൂന്നു പെൺകുട്ടികളായതിനാൽ യൂസുഫലി ഭാര്യയെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചെന്ന് വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടൊപ്പം ഏക സിവിൽകോഡിനെ യൂസുഫലി അംഗീകരിക്കുന്നതായും ഷാജൻ സ്‌കറിയ ആരോപിക്കുന്നു.

എന്നാൽ, ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചിട്ടില്ലെന്നും ഇതു തന്നെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നൽകിയ വാർത്തയാണെന്നും വക്കീൽ നോട്ടിൽ യൂസുഫലി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം താൻ ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞത് മതനിന്ദാപരമായ പരാമർശമാണെന്നും സമൂഹത്തിൽ ഇസ്‌ലാം വിരുദ്ധ മനോഭാവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നോട്ടിസിൽ പറയുന്നുണ്ട്.

യൂസുഫലി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന് താൻ പറഞ്ഞത് ഒരു വ്യക്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഷാജൻ സ്‌കറിയ പ്രതികരിച്ചു. അയാൾ നൽകിയ വിവരം തെറ്റായിരുന്നു. ഇക്കാര്യം താൻ തിരുത്തുകയാണെന്നും ഷാജൻ പറഞ്ഞു. ആ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും യൂസുഫലി ഏക സിവിൽകോഡിന് അനുകൂലമാണെന്ന പരാമർശവും പിൻവലിക്കുകയാണെന്നും വിഡിയോയിൽ പറയുന്നു.

ഷാജൻ സ്‌കറിയയുടെ പരാമർശങ്ങൾ തനിക്കും ലുലു ഗ്രൂപ്പിനും ലുലു തൊഴിലാളികൾക്കും പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് വക്കീൽ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏഴു ദിവസത്തിനകം കേരളത്തിലെ പ്രമുഖ പത്ര, ഓൺലൈൻ മാധ്യമങ്ങളിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ പത്തു കോടി രൂപ നഷ്ടപരിഹാരം നൽകണം. ഇല്ലെങ്കിൽ നിയമനടപടികൾ ആരംഭിക്കുമെന്നും വക്കീൽ നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary: Shajan Skariah expressed regret for the defamatory remarks against Lulu Group Chairman MA Yusuf Ali. The expression of regret comes after MA Yusuf Ali's lawyer sent a notice demanding Rs 10 crore compensation for defamation

TAGS :

Next Story