Quantcast

'ഉള്ളതിനപ്പുറം ഇല്ലാകഥകളും പ്രചരിപ്പിക്കപ്പെട്ടു': ക്ലബ് ഹൗസ് ചര്‍ച്ച വിവാദമായതോടെ കെ.എം ഷാജിയുടെ വിശദീകരണം

MediaOne Logo

ijas

  • Updated:

    2021-06-23 13:25:13.0

Published:

23 Jun 2021 12:42 PM GMT

ഉള്ളതിനപ്പുറം ഇല്ലാകഥകളും പ്രചരിപ്പിക്കപ്പെട്ടു: ക്ലബ് ഹൗസ് ചര്‍ച്ച വിവാദമായതോടെ കെ.എം ഷാജിയുടെ വിശദീകരണം
X

അഴീക്കോട് മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ ക്ലബ് ഹൗസ് ചര്‍ച്ച വിവാദമായതോടെ വിശദീകരണ കുറിപ്പ് പുറത്തിറക്കി. 'കെ.എം. ഷാജിയെ കേൾക്കാം' എന്ന പേരില്‍ ക്ലബ് ഹൗസില്‍ നടത്തിയ ചര്‍ച്ചക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മഅ്ദനിയുമായി ബന്ധപ്പെട്ട കേസ്, മുക്കത്തെ യഹ്‌യ കമ്മുക്കുട്ടിയെ നിരപരാധിയായി വിധിച്ച ഹുബ്ലി കേസ്, നാറാത്ത് കേസ് എന്നിവയിലെല്ലാം കെ.എം ഷാജി നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ അവരോട് മാപ്പുചോദിക്കാതെ അദ്ദേഹം നടത്തുന്ന ഒരു ചര്‍ച്ചയും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ക്കാണ് കെ.എം ഷാജി മറുപടി നല്‍കിയത്.

ഏതൊരു പ്രസ്ഥാനത്തോടും ആശയത്തോടും അവരുടെ പ്രവർത്തന രീതിയോടും സ്വീകരിച്ച അനുകൂലവും പ്രതികൂലവുമായ സമീപനങ്ങൾ അതത് കാലങ്ങളിൽ മുസ്‍ലിം ലീഗ് പാർട്ടി തീരുമാനിച്ചതും ഒപ്പം അതിൽ തനിക്കുണ്ടായ ബോധ്യത്തിന്‍റെയും അടിസ്ഥാനത്തിൽ ഉള്ളതായിരുന്നുവെന്നും അന്നു പറഞ്ഞതെല്ലാം ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ആണെന്നും കെ.എം ഷാജി പറഞ്ഞു. ഒരു വിഷയത്തിൽ അതിന്‍റെ തീവ്രത ചോരാതെ പറയണമെന്ന രീതി സ്വീകരിച്ചതിനാലും മുൻനിരയിൽ നിന്നു പറയൽ ബാധ്യസ്ഥമായ സ്ഥാനത്തുണ്ടായിരുന്നതിനാലും സംഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. പരസ്പരം സംസാരത്തിന്‍റെയും ആശയ വിനിമയത്തിന്‍റെയും സാധ്യതപോലും ഇല്ലാതെപോയ കാലത്ത് ഉള്ളതിനുമപ്പുറം ഇല്ലാകഥകളും പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്നും പുതിയ ചർച്ചയിൽ ഉരുകി ഒലിച്ച്‌ പോയത്‌ അങ്ങനെ ചിലതു കൂടി ആയിരുന്നു എന്നതൊരു സന്തോഷമാണെന്നും കെ.എം ഷാജി പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷം ന്യുനപക്ഷങ്ങൾക്കും ദലിത് പിന്നാക്ക ജനവിഭാഗങ്ങൾക്കും ജീവിക്കാൻ പോലും അവകാശമില്ലാത്ത വിധം കലുഷമായ സാഹചര്യത്തിൽ അത്തരം ആശയപരമായ തർക്കങ്ങൾക്കല്ല പ്രാധാന്യം എന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. അതിനാൽ ജനാധിപത്യത്തിൻ്റെയും മതേതര മൂല്യങ്ങളുടെയും സംരക്ഷത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന അഭിപ്രായമാണ് പൊതുവായി ആ ചർച്ചയിൽ പങ്കുവെച്ചതെന്നും സംഘടനയെ ആശയപരമായി അക്രമിക്കാനെത്തുന്ന ഏത് ശത്രുവിനെതിരെയും ആശയപരമായി പോരാടാന്‍ മുൻ നിരയിൽ ഉണ്ടാവുമെന്നും അതിനിടയിൽ ഏൽക്കുന്ന എത്ര വലിയ മുറിവും സഹിക്കാന്‍ തയ്യാറാണെന്നും പിന്തിരിഞ്ഞോടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സംവാദത്തിന്റെയും ആശയ വിനിമയത്തിന്റെയും പുതിയ സങ്കേതമാണ് ക്ലബ്ബ് ഹൗസ്.

നമുക്ക് ഒരു ആശയത്തോടോ വ്യക്തിയോടോ ഉള്ള

ഏകപക്ഷീയമായ അഭിപ്രായങ്ങളും

മുൻവിധികളും പലപ്പോഴും മാറുന്നത് നേരിട്ട് സംവദിക്കുമ്പോഴാണല്ലോ.

അത്തരം ഒരു അനുഭവമാണ് ക്ലബ്ബ് ഹൗസിലെ ഒരു ചർച്ചയിൽ നിന്നും കിട്ടിയത്.

"'കെ.എം. ഷാജിയെ കേൾക്കാം': ക്ലബ് ഹൗസ് ചര്‍ച്ച വിവാദമായതോടെ ഷാജിയുടെ വിശദീകരണം" എന്ന പേരിൽ ഒരു ചർച്ച സംഘടിപ്പിച്ചതും അതിൽ പങ്കെടുക്കാൻ നിർബന്ധിച്ചതും കുറച്ച് നല്ല സുഹൃത്തുക്കളാണ്.

മറ്റ് സോഷ്യൽ മീഡിയകളിൽ എതിർപക്ഷത്തുള്ളവർ പലപ്പോഴും കാണിക്കുന്ന അസഹിഷ്ണുതയുടെ അനുഭവങ്ങൾ ഉള്ളിലുള്ളതിനാൽ പ്രകോപനങ്ങൾ പ്രതീക്ഷിച്ചാണ് ചർച്ചക്ക് ഇരുന്നു കൊടുത്തത്.

എന്നാൽ വളരെ സൗഹൃദപരമായും പ്രതിപക്ഷ ബഹുമാനത്തോടും കൂടിയാണ് ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും ഉണ്ടായത്.

ഈ ചർച്ചക്ക് ശേഷം പുറത്ത് പറന്ന് നടക്കുന്ന പ്രതികരണങ്ങൾ സന്തോഷം നൽകുന്നതാണ്.

എന്നാൽ മുൻകാലങ്ങളിൽ പറഞ്ഞ പല നിലപാടുകളിലും എനിക്ക് കുറ്റബോധമുണ്ട് എന്ന അർത്ഥത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്.

ആ ചർച്ചയിൽ പങ്കാളികളായവർ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്‌ ..

എന്നാൽ പങ്കെടുക്കാൻ കഴിയാത്തവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായതിനാൽ ഈ കാര്യത്തിൽ വിശദീകരണം ആവശ്യമാണല്ലോ.

ഏതൊരു പ്രസ്ഥാനത്തോടും ആശയത്തോടും അവരുടെ പ്രവർത്തന രീതിയോടും സ്വീകരിച്ച അനുകൂലവും പ്രതികൂലവുമായ സമീപനങ്ങൾ അതത് കാലങ്ങളിൽ മുസ്ലിം ലീഗ് പാർട്ടി തീരുമാനിച്ചതും ഒപ്പം അതിൽ എനിക്കുണ്ടായ ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ ഉള്ളതായിരുന്നു.

ഒരു വിഷയത്തിൽ അതിന്റെ തീവ്രത ചോരാതെ പറയണമെന്ന രീതി സ്വീകരിച്ചതിനാലും മുൻനിരയിൽ നിന്നു പറയൽ ബാധ്യസ്ഥമായ സ്ഥാനത്തുണ്ടായിരുന്നതിനാലും സംഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്.

അന്നു പറഞ്ഞതെല്ലാം ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ തന്നെയാണ് .

അതിൽ എനിക്കോ മറുപക്ഷത്തിനോ എതിരഭിപ്രായവും ഇല്ല തന്നെ .

പറയുകയും തർക്കിക്കുകയും ചെയ്യേണ്ട സമയവും സന്ദർഭവും ഏതാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയാണു ചർച്ചയിൽ എല്ലാവരും പ്രകടിപ്പിച്ചത്.

പരസ്പരം സംസാരത്തിന്റെയും ആശയ വിനിമയത്തിന്റെയും സാധ്യതപോലും ഇല്ലാതെപോയ കാലത്ത് ഉള്ളതിനുമപ്പുറം ഇല്ലാകഥകളും പ്രചരിപ്പിക്കപ്പെട്ടിരുന്നു .

പുതിയ ചർച്ചയിൽ

ഉരുകി ഒലിച്ച്‌ പോയത്‌ അങ്ങിനെ ചിലതു കൂടി ആയിരുന്നു എന്നതൊരു സന്തോഷമാണ്. (പ്രത്യേകിച്ചും ഒരു വിശ്വാസിക്ക് )

മാത്രമല്ല,ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷം ന്യുനപക്ഷങ്ങൾക്കും ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കും ജീവിക്കാൻ പോലും അവകാശമില്ലാത്ത വിധം കലുഷമായ സാഹചര്യത്തിൽ അത്തരം ആശയപരമായ തർക്കങ്ങൾക്കല്ല പ്രാധാന്യം എന്നും എല്ലാവരും തിരിച്ചറിയുന്നുണ്ട്.

അതിനാൽ ജനാധിപത്യത്തിൻ്റെയും മതേതര മൂല്യങ്ങളുടെയും സംരക്ഷത്തിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന അഭിപ്രായമാണ് പൊതുവായി ആ ചർച്ചയിൽ പങ്കുവെച്ചത്.

നല്ലൊരു പാട്ടോടു കൂടിയാണ് ആ ചർച്ച അവസാനിച്ചത്.

വ്യത്യസ്ത ആശയങ്ങൾ ഉൾകൊള്ളുന്ന നേതാക്കളും പ്രവർത്തകരും കേൾവിക്കാരായി ഉണ്ടായിരുന്നു.

പുതിയ ഒട്ടേറെ സൗഹൃദങ്ങളെ കൂടി സമ്മാനിച്ച ഒരു ചർച്ചയായിരുന്നു അത്.

എന്തായാലും മുസ്ലിം ലീഗ് പാർട്ടി തീരുമാനിച്ചുറപ്പിച്ച നയനിലപാടുകൾ പൊതു സമൂഹത്തോട് ഉറക്കെ പറയാൻ എപ്പോഴും ഞാനുണ്ടാവും .

സംഘടനയെ ആശയപരമായി അക്രമിക്കാനെത്തുന്ന ഏത് ശത്രുവിനെതിരെയും ആശയപരമായി പോരാടാനും മുൻ നിരയിൽ ഉണ്ടാവും.

അതിനിടയിൽ ഏൽക്കുന്ന എത്ര വലിയ മുറിവും സഹിക്കാനും തയ്യാറാണ്.

ഉറപ്പ്‌.

പിന്തിരിഞ്ഞോടില്ല.

TAGS :

Next Story