Quantcast

'തരംതാണ വിവാദമുണ്ടാക്കാനുള്ള റിപ്പോര്‍ട്ടിങ് ശൈലി നിര്‍ത്തണം'; 'ടൈംസ് ഓഫ് ഇന്ത്യ'യ്‌ക്കെതിരെ ശശി തരൂർ

കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ 45ലേറെ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ഒരാൾപോലും തെറ്റായ പ്രസ്താവന നൽകിയിട്ടില്ലെന്ന് തരൂർ

MediaOne Logo

Web Desk

  • Published:

    2 Sep 2023 10:46 AM GMT

Shashi Tharoor reception at TVM Thiruvananthapuram, Shashi Tharoor against the Times of India,  Shashi Tharoor, Times of India
X

ശശി തരൂരിന് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

കോഴിക്കോട്: പ്രസ്താവന വളച്ചൊടിച്ച ദേശീയ മാധ്യമം 'ടൈംസ് ഓഫ് ഇന്ത്യ'യ്‌ക്കെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകരുതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തെറ്റായ റിപ്പോർട്ടിങ് തിരുത്തി മാപ്പുപറയണമെന്നും തരൂർ ആവശ്യപ്പെട്ടു. പത്രം ചെയ്തത് തരംതാണ പ്രവൃത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൂർണമായും ഭാവനാത്മകമായൊരു പ്രസ്താവനയുണ്ടാക്കി എന്റെ പേരിൽ ചാർത്തിയ തരംതാണൊരു പരിപാടിയാണ് 'ടൈംസ് ഓഫ് ഇന്ത്യ' ചെയ്തിരിക്കുന്നതെന്ന് തരൂർ 'എക്‌സി'ൽ വിമർശിച്ചു. ഉദ്ധരണിക്കുള്ളിലാണ് അതു ചേർത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ 45ലേറെ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. ഒരാൾപോലും അത്തരമൊരു പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണമോ എന്ന ചോദ്യത്തോട് 'ഇൻഡ്യ'യുടെ ഔദ്യോഗിക പ്രസ്താവന ചൂണ്ടിക്കാട്ടുകയാണ് ഞാൻ ചെയ്തത്. ഒരു വ്യക്തിയെയും സൂചിപ്പിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങങ്ങളിലാണ് സഖ്യത്തിന്റെ ശ്രദ്ധയെന്നും വ്യക്തമാക്കി. 'ടൈംസ് ഓഫ് ഇന്ത്യ' തെറ്റായി അവകാശപ്പെട്ട പോലെ 'രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകരുത്' എന്ന് ഞാൻ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സത്യസന്ധതയില്ലാത്ത ഈ റിപ്പോർട്ടിങ്ങിന് തെറ്റുതിരുത്തി മാപ്പുപറയണമെന്ന് 'ടൈംസ് ഓഫ് ഇന്ത്യ'യോട് ഞാൻ ആവശ്യപ്പെടുന്നു.''

വാർത്താസമ്മേളനം പൂർണമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. അത്തരമൊരു പരാമർശം അതിനകത്തുനിന്ന് കണ്ടെത്താൻ 'ടൈംസ് ഓഫ് ഇന്ത്യ'യെ വെല്ലുവിളിക്കുന്നു. തരംതാണ വിവാദം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇത്തരം പക്ഷപാതപരമായ റിപ്പോർട്ടിങ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. അതേസമയം, തരൂരിന്‍രെ വിമര്‍ശനത്തോട് മാധ്യമം ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത ഓൺലൈനിൽനിന്നു പിന്‍വലിക്കുകയും ചെയ്തിട്ടില്ല.

കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശേഷം തിരുവനന്തപുരത്ത് എത്തിയ തരൂരിനു വൻവരവേൽപ്പാണു ലഭിച്ചത്. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനുപേർ അദ്ദേഹത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി പൊന്നാട അണിയിച്ചു സ്വീകരിച്ചു. എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റിയൻ, ജി. സുബോധൻ, ചെന്നഴന്തി അനിൽ, മര്യാപുരം ശ്രീകുമാർ, ജി.എസ് ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലും സ്വീകരണം നൽകി.

Summary: Such tendentious reporting in an effort to whip up cheap controversy must stop: Shashi Tharoor against the Times of India in misquoting

TAGS :

Next Story