Quantcast

ഇത്രയേറെ കമ്മീഷനുകൾ കൊണ്ട് ജനങ്ങൾക്ക് എന്ത് മെച്ചം ?- ഷിബു ബേബി ജോൺ

ഏത് വിഭാഗത്തിന് വേണ്ടിയാണോ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്, അവർക്ക് ആ സ്ഥാപനത്തെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിൽ ആ സ്ഥാപനം പിന്നെ വെള്ളാനയെ തുടരണമോ എന്ന് അധികൃതർ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    26 Jun 2021 12:41 PM GMT

ഇത്രയേറെ കമ്മീഷനുകൾ കൊണ്ട് ജനങ്ങൾക്ക് എന്ത് മെച്ചം ?- ഷിബു ബേബി ജോൺ
X

കേരളത്തിൽ നിലവിലുള്ള വിവിധ കമ്മീഷനുകളെ കൊണ്ട് ജനങ്ങൾക്ക് എന്ത് മെച്ചമെന്ന് ചോദിച്ച് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ.

സ്ത്രീകളോട് 'അനുഭവിച്ചോ' എന്ന് പറയുന്ന വനിതാ കമ്മീഷൻ, അഞ്ച് വർഷത്തിനിടെ ഒരു ശുപാർശ പോലും നടപ്പിലാക്കിയിട്ടില്ലാത്ത ഭരണപരിഷ്‌കാര കമ്മീഷൻ, യുവജനങ്ങളുടെ വിഷയങ്ങളിൽ ഒരു അഭിപ്രായം പോലുമില്ലാത്ത യുവജന കമ്മീഷൻ, ദളിത് വിഷയങ്ങളിൽ മിണ്ടാട്ടം മുട്ടിപ്പോകുന്ന എസ്.സി- എസ്.ടി കമ്മീഷനുകൾ... അങ്ങനെ നീണ്ടുപോകും കേരളത്തിലെ കമ്മീഷനുകളുടെ ലിസ്റ്റ്. അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് രൂപ ഖജനാവിൽ നിന്ന് ഓരോ കമ്മീഷനുകളുടെ അധ്യക്ഷൻമാർക്കും അംഗങ്ങൾക്കും അലവൻസായി ലഭിക്കുന്നുണ്ട്. എന്നിട്ട് അഞ്ച് പൈസയുടെ ഉപയോഗം പോലും മിക്ക കമ്മീഷനുകൾ കൊണ്ട് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഏത് വിഭാഗത്തിന് വേണ്ടിയാണോ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്, അവർക്ക് ആ സ്ഥാപനത്തെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കിൽ ആ സ്ഥാപനം പിന്നെ വെള്ളാനയെ തുടരണമോ എന്ന് അധികൃതർ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ വനവാസത്തിന് അയക്കേണ്ട സാമൂഹ്യവിരുദ്ധരെ പൊതുജനങ്ങളുടെ ചെലവിൽ കുടിയിരുത്താനുള്ള ഇടങ്ങളാക്കി ഇവയെ മാറ്റിയാൽ ഇപ്പോൾ കണ്ടത് പോലുള്ള പല അനർത്ഥങ്ങളും ഇനിയും ആവർത്തിക്കുമെന്ന് ജോസഫൈൻ വിഷയത്തെ ഉന്നം വച്ച് അദ്ദേഹം പറഞ്ഞു.

കുറച്ചുപേര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടി മാത്രം കുറേ കമ്മീഷനുകള്‍ സര്‍ക്കാര്‍ നടത്തേണ്ടതില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇത്രയേറെ കമ്മീഷനുകള്‍ കൊണ്ട് ജനങ്ങള്‍ക്ക് എന്താണ് മെച്ചം?

ഗാര്‍ഹിക പീഢനത്തെ കുറച്ച് പരാതി പറയുന്ന സ്ത്രീകളോട് 'അനുഭവിച്ചോ' എന്ന് പറയുന്ന വനിതാ കമ്മീഷന്‍, അഞ്ച് വര്‍ഷത്തിനിടെ ഒരു ശുപാര്‍ശ പോലും നടപ്പിലാക്കിയിട്ടില്ലാത്ത ഭരണപരിഷ്‌കരണ കമ്മീഷന്‍, യുവജനങ്ങളുടെ വിഷയങ്ങളില്‍ ഒരു അഭിപ്രായം പോലുമില്ലാത്ത യുവജന കമ്മീഷന്‍, ദളിത് വിഷയങ്ങളില്‍ മിണ്ടാട്ടം മുട്ടിപ്പോകുന്ന എസ്.സി- എസ്.ടി കമ്മീഷനുകള്‍... അങ്ങനെ നീണ്ടുപോകും കേരളത്തിലെ കമ്മീഷനുകളുടെ ലിസ്റ്റ്. എന്തിനാണ് കോടികള്‍ ചെലവഴിച്ച് ഇത്രയേറെ കമ്മീഷനുകള്‍? ഇതുകൊണ്ട് പൊതുസമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

കോടിക്കണക്കിന് രൂപയാണ് ഈ കമ്മീഷനുകളുടെ ഓരോ അംഗങ്ങള്‍ക്കും അലവന്‍സ്- മറ്റ് ചെലവ് ഇനത്തില്‍ ഖജനാവില്‍ നിന്നും നഷ്ടമാകുന്നത്. എന്നാല്‍ അതിനനുസൃതമായിട്ടുള്ള നേട്ടമുണ്ടോ എന്നു ചോദിച്ചാല്‍ അഞ്ച് പൈസയുടെ പ്രയോജനമില്ല എന്ന് പറയേണ്ടി വരും. ഭരണ പരിഷ്‌കരണ കമ്മീഷനും വനിതാ കമ്മീഷനും യുവജന കമ്മീഷനുമടക്കമുള്ള ഈ കേരള നാട്ടിലെ സകല കമ്മീഷനുകളും ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ ഇടപെടലുകളെ പറ്റി ചോദിച്ചാല്‍ ഭരണാനുകൂലികള്‍ക്ക് പോലും ഉത്തരമുണ്ടാകില്ല. ദുര്‍ബല വിഭാഗങ്ങളായ പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിച്ച കമ്മീഷനുകളുടെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല. മിക്കപ്പോഴും യാന്ത്രികമായ ചില പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മറ്റൊന്നും നടക്കുന്നില്ല എന്നുതന്നെ പറയേണ്ടിവരും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടോ? സ്ത്രീധനമെന്ന പ്രവണതയില്‍ മാറ്റമുണ്ടായിട്ടുണ്ടോ? അതൊക്കെ പോട്ടെ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാനുള്ള ധൈര്യമെങ്കിലും സ്ത്രീകളിലുണ്ടാക്കാന്‍ വനിതാ കമ്മീഷന് സാധിച്ചിട്ടുണ്ടോ?

ഏത് വിഭാഗത്തിന് വേണ്ടിയാണോ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ആ സ്ഥാപനത്തെ കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെങ്കില്‍ ആ സ്ഥാപനം പിന്നെ വെള്ളാനയെ തുടരണമോ എന്ന് അധികൃതര്‍ തീരുമാനിക്കണം.

ഈ സ്ഥാപനങ്ങള്‍ക്ക് കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിനനുസൃതമായ അധികാരങ്ങളും ഉണ്ടാകണം. അര്‍ത്ഥ ജുഡിഷ്യറി അധികാരങ്ങള്‍ മാത്രം വച്ച് സ്ഥാപനത്തിന് ഒന്നും ചെയ്യാനാകാതെ, തലപ്പത്തിരിക്കുന്ന ചിലര്‍ക്ക് അധികാരത്തിന്റെ ഹുങ്ക് കാണിക്കാനുള്ള വേദി മാത്രമായി ഈ ഇടങ്ങള്‍ ചുരുങ്ങിപ്പോകുകയാണ്.

രാഷ്ട്രീയ വനവാസത്തിന് അയക്കേണ്ട സാമൂഹ്യവിരുദ്ധരെ പൊതുജനങ്ങളുടെ ചെലവില്‍ കുടിയിരുത്താനുള്ള ഇടങ്ങളാക്കി ഇവയെ മാറ്റിയാല്‍ ഇപ്പോള്‍ കണ്ടത് പോലുള്ള പല അനര്‍ത്ഥങ്ങളും ഇനിയും ആവര്‍ത്തിക്കും. വിവിധ മേഖലകളിലുള്ള അര്‍ഹരായവരെ മാത്രം നിയമിച്ച് അവര്‍ക്ക് പ്രവര്‍ത്തിക്കാനുളള അധികാരവും നല്‍കിയാല്‍ ചില കമ്മീഷനുകളെ എങ്കിലും മെച്ചപ്പെടുത്തി എടുക്കാം. മറ്റുള്ളവയെ പിരിച്ചുവിട്ട് ജനങ്ങളുടെ ബാധ്യത കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കുറച്ചുപേര്‍ക്ക് ശമ്പളം കൊടുക്കാന്‍ വേണ്ടി മാത്രം കുറേ കമ്മീഷനുകള്‍ സര്‍ക്കാര്‍ നടത്തേണ്ടതില്ലല്ലോ.

TAGS :

Next Story