Quantcast

'ഇതൊരു സാധാരണ കുട്ടിക്കായിരുന്നെങ്കിൽ ജീവനോടെ ഇരിക്കില്ലായിരുന്നു'; 'കഞ്ചാവു കേസിലെ' നിരപരാധിക്ക് പറയാനുള്ളത്

"എനിക്കിന്ന് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം. പണ്ടൊക്കെ ആസിഡ് അറ്റാക്കായിരുന്നു. അതൊരു സിംപതി കിട്ടും. ഇപ്പോൾ ഇങ്ങനെയാണ്"

MediaOne Logo

Web Desk

  • Published:

    26 Jun 2021 1:15 PM GMT

ഇതൊരു സാധാരണ കുട്ടിക്കായിരുന്നെങ്കിൽ ജീവനോടെ ഇരിക്കില്ലായിരുന്നു; കഞ്ചാവു കേസിലെ നിരപരാധിക്ക് പറയാനുള്ളത്
X

തിരുവനന്തപുരം: ഒരു സാധാരണ പെൺകുട്ടിയായിരുന്നുവെങ്കിൽ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് തിരുവനന്തപുരത്തെ യുവസംരംഭക ശോഭ വിശ്വനാഥ്. അത്രയും വലിയ ഹൃദയവേദനയാണ് ഉണ്ടായത് എന്നും അതുണ്ടാക്കിയ ട്രോമയെ കുറിച്ച് പറയാനാകില്ലെന്നും അവർ പറഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടർന്നാണ് ശോഭയെ കഞ്ചാവു കേസിൽ കുടുക്കാനുള്ള ശ്രമമുണ്ടായത്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവർ ചേർന്നാണ് ശോഭയെ കുടുക്കാനുള്ള നീക്കങ്ങൾ നടത്തിയത്.

ജനുവരി 21നാണ് തിരുവനന്തപുരത്ത് കൈത്തറി സംരംഭമായ വീവേഴ്‌സ് വില്ലേജ് നടത്തുന്ന ശോഭ വിശ്വനാഥിനെതിരെ മ്യൂസിയം പൊലീസും നാർകോട്ടിക്‌സ് വിഭാഗവും കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത്. വീവേഴ്‌സ് വില്ലേജിൻറെ വഴുതയ്ക്കാട്ടുള്ള ഷോപ്പിൽ നിന്ന് അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്തതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ശോഭ വിശ്വനാഥിനെ അതേദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. ഹരീഷും സഹായി വിവേകും ചേർന്ന് സ്ഥാപനത്തിൽ കഞ്ചാവ് ഒളിപ്പിച്ചുവച്ചു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരിയുടെ സഹായത്തോടെ വിവേകാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഹരീഷിനെയും വിവേകിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശോഭക്കെതിരായ കേസ് റദ്ദാക്കി. വിവേക് അറസ്റ്റിലായെങ്കിലും മുഖ്യ ആസൂത്രകൻ ഹരീഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹരീഷ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

'ഇങ്ങനെയൊരു ട്രാപ്പിൽ കുടുക്കുമെന്ന് വിചാരിച്ചില്ല'

'കുറച്ചുകാലം മുമ്പെ ഞാൻ നോ പറഞ്ഞത് ആക്‌സപ്റ്റ് ചെയ്യാൻ പറ്റാത്തതായിരിക്കാം റീസൺ. അത് കുറേ പ്രാവശ്യം ഞാൻ പറഞ്ഞു. പുള്ളിക്കാരൻ യുകെയിൽ നിന്ന് തിരിച്ചുവന്നതിന് ശേഷം എല്ലാവരും, എന്റെ സഹോദരന്റെ അടുത്തുവരെ പോയി പുള്ളിക്കാരൻ. ഒത്തിരി പേർ വഴി എന്റെയടുത്ത് മിണ്ടാനും വീണ്ടും അങ്ങനെയൊരു ഇതിലേക്ക് ആകാൻ വേണ്ടിയും ശ്രമിച്ചു. പക്ഷേ, ഞാൻ നോ പറഞ്ഞു. കാരണം ഇനിയെനിക്ക് ആ ഒരു ബന്ധത്തിലേക്കോ, അല്ലെങ്കിൽ അങ്ങനെയൊരു ടോക്‌സിക്കായിട്ടുള്ള ഒന്നിലേക്കോ പോകാൻ താത്പര്യമില്ലാത്തതു കൊണ്ടാണ് ഞാൻ നോ പറഞ്ഞത്. എന്നെ ഇങ്ങനെയൊരു ട്രാപ്പിൽ കുടുക്കുമെന്ന് വിചാരിച്ചില്ല. എനിക്കിതൊരു ഷോക്കാണ്' - ശോഭ പറഞ്ഞു.

'ഹരീഷ് എന്ന വ്യക്തി, വിവേകിന് കഞ്ചാവ് കൈമാറുന്നത് ടെന്നിസ് ക്ലബിൽ വച്ചിട്ടാണ്. വിവേക് രാജ് കഞ്ചാവ് ഇവിടെ കൊണ്ടു വയ്ക്കുന്നത്. ആ സമയത്ത് ജീവനക്കാരി സിസിടിവി ഓഫ് ചെയ്തിരുന്നു. എനിക്കിന്ന് സംഭവിച്ചത് നാളെ ആർക്കും സംഭവിക്കാം. പണ്ടൊക്കെ ആസിഡ് അറ്റാക്കായിരുന്നു. അതൊരു സിംപതി കിട്ടും. ഇപ്പോൾ ഇങ്ങനെയാണ്. ഒത്തിരി പേർക്ക് എന്നെ അറിയാവുന്നതു കൊണ്ടും മാധ്യമമേഖലയിൽ ഉണ്ടായിരുന്നതു കൊണ്ടും ഇത് വലിയൊരു വാർത്തയായില്ല. ഇത് സാധാരണ കുട്ടിയായിരുന്നെങ്കിൽ ജീവനോടെ ഇരിക്കില്ലായിരുന്നു. അത്ര മാത്രം വേദനാജകമായിരുന്നു ഇത്. ഒരുപാട് വിഷമങ്ങളിലൂടെ ഈ പത്തുവർഷം കടന്നു പോയി. ഇത് എന്നിലുണ്ടാക്കിയ ഒരു ട്രോമ എനിക്ക് പറയാൻ പറ്റില്ല. തെളിയിക്കും എന്നുറപ്പിച്ചു തുനിഞ്ഞു കച്ചകെട്ടി ഇറങ്ങിയതായിരുന്നു.' - അവർ കൂട്ടിച്ചേർത്തു.

TAGS :

Next Story