Quantcast

ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരായ സംഘ്പരിവാർ ആക്രമണം അപലപനീയം: ഷുക്കൂർ സ്വലാഹി

ന്യൂനപക്ഷങ്ങളുടെ ആരാധനകൾക്കും ആഘോഷങ്ങൾക്കും നേരെ പ്രകടമാകുന്ന ഈ അസഹിഷ്ണുത ഒരു ജനാധിപത്യ രാജ്യത്തും അംഗീകരിക്കാനാവില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 Dec 2025 7:45 PM IST

shukoor swalahi
X

കോഴിക്കോട്: ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന സംഘ്പരിവാർ ആക്രമണം കടുത്ത പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. ന്യൂനപക്ഷങ്ങളുടെ ആരാധനകൾക്കും ആഘോഷങ്ങൾക്കും നേരെ പ്രകടമാകുന്ന ഈ അസഹിഷ്ണുത ഒരു ജനാധിപത്യ രാജ്യത്തും അംഗീകരിക്കാനാവില്ല. വൈവിധ്യങ്ങളെ ഉൾക്കൊണ്ടാണ് ഇന്ത്യ നിലനിൽക്കുന്നത്, ആ വൈവിധ്യങ്ങളെ ഇല്ലാതാക്കി രാജ്യത്തെ ഒരു ഏകശിലാ കേന്ദ്രമാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് ഇത്തരം അക്രമങ്ങളുടെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മനഃസാക്ഷിയുള്ള ഒരാൾക്കും ഈ അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. എന്നാൽ ഉത്തരേന്ത്യയിലെ ന്യൂനപക്ഷ വേട്ട കണ്ടില്ലെന്ന് നടിച്ച് കേരളത്തിൽ സംഘ്പരിവാറിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് കാസ പോലുള്ള തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നതെന്ന് മതേതര ബോധമുള്ള എല്ലാവർക്കും വ്യക്തമാണ്. അവർക്കു പിന്തുണ നൽകുന്നത് സമാധാനത്തോടെ ജീവിക്കാനുള്ള ഈ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെ തന്നെ തകർക്കുന്നതിന് തുല്യമാണ്.

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ കേരള നേതാക്കൾ ഇത്തരം അക്രമങ്ങളെ ചില ഭ്രാന്തന്മാരുടെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് നിസ്സാരവത്കരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെ അവർ എത്ര ലഘുവായി കാണുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഫാഷിസത്തിന്റെ ഈ സമീപനം പിടിച്ചുകെട്ടേണ്ടത് മതേതര ബോധമുള്ള ജനതയുടെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. ഫാഷിസ്റ്റ് അജണ്ടക്ക് സഹായകമാകുന്ന ഒരു നിലപാടും ഉണ്ടാകരുത്. ക്രൈസ്തവ, മുസ്‌ലിം ഐക്യം തകർക്കാൻ ശ്രമിക്കുന്നതിലൂടെ ഈ രാജ്യം കയ്യടക്കലാണ് ഫാഷിസ്റ്റുകൾ ലക്ഷ്യമിടുന്നത്. ക്രൈസ്തവ മതമേലധ്യക്ഷർ ഈ സത്യം തിരിച്ചറിയണം. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാതെപോയാൽ അതിന് വലിയ വില നാം കൊടുക്കേണ്ടിവരും.

TAGS :

Next Story