Quantcast

അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്ന് കർഷക മോർച്ചാ നേതാവ്; പുറത്താക്കി ബിജെപി

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പൊട്ടനെന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-03 16:48:00.0

Published:

3 March 2024 4:35 PM GMT

NDA candidate announcement: Clash in BJP in many parts of Kerala
X

പത്തനംതിട്ട: അനിൽ ആന്റണിയെ പത്തനംതിട്ടയിൽ ലോക്‌സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. പി.സി. ജോർജിനെ ഒഴിവാക്കിയതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ് തന്നെ രംഗത്ത് എത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ വീഡിയോയടക്കം പോസ്റ്റ് ചെയ്തത്. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്നാണ് കർഷക മോർച്ച ജില്ലാ പ്രസിഡന്റിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റ് പിന്നാലെ നേതാവിനെ ബിജെപി പുറത്താക്കി.

എല്ലാവർക്കും താൽപര്യം പി.സി. ജോർജിനെ ആയിരുന്നുവെന്നും എന്നാൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചുവെന്നും പോസ്റ്റിൽ പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പൊട്ടനെന്ന് വരെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിച്ചു.

പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി ബി.ജെ.പി നേതാവ് പി.സി ജോർജ് തന്നെ രംഗത്ത് വന്നിരുന്നു. കാസയുൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ പത്തനംതിട്ടയിൽ താൻ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ തന്നെ മത്സരിപ്പിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്നാണ് അവർ തീരുമാനിച്ചിരുന്നത്. ഇനി കാര്യങ്ങളൊക്കെ തകിടം മറിയുമെന്ന് പി.സി ജോർജ് പറഞ്ഞു.''സ്ഥാനാർഥിയാവുന്ന കാര്യം ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. പത്തനംതിട്ടയിൽ ആര് സ്ഥാനാർഥിയാവണം എന്നതിനെ കുറിച്ച് ബി.ജെ.പി നേതൃത്വം ഒരു അഭിപ്രായ സർവേ നടത്തി. അതിൽ 95 ശതമാനം പേരും എന്റെ പേരാണ് പറഞ്ഞത്. അല്ലാതെ സ്ഥാനാർത്ഥിത്വം ഞാനാവശ്യപ്പെട്ടിട്ടില്ല. പാർട്ടി നേതൃത്വം നിൽക്കാൻ ആവശ്യപ്പെട്ടാൽ നിൽക്കും. അനിൽ ആന്റണിക്ക് കേരളവുമായി അധികം ബന്ധമില്ല. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ഞങ്ങൾ അടുത്തടുത്താണ് ഇരുന്നത്. അന്നൊന്നും പത്തനംതിട്ടയിൽ സ്ഥാനാർഥിയാകുമെന്ന കാര്യം അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.

അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥിയെന്നും അദ്ദേഹം പത്തനംതിട്ടയിൽ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോർജ് പറഞ്ഞു. 'ഡൽഹിയിൽ മാത്രം പ്രവർത്തിച്ചിരുന്ന അനിൽ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം.. എ.കെ. ആൻറണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആൻറണി കോൺഗ്രസാണ്. അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്‌നം. ഞാൻ പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു. അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയിൽ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാൽ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..'പി.സി ജോർജ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.പത്തനംതിട്ടയിൽ അനിൽ ആന്റണിക്ക് പുറമെ തിരുവനന്തപുരത്ത് ആർ.ചന്ദ്രശേഖരനും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കും. കോഴിക്കോട് എം.ടി രമേശും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും മത്സരിക്കും.

TAGS :

Next Story