'മരംമുറി പരാതി പിൻവലിക്കാൻ സിപിഎം നേതാക്കളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തി'; ഗുരുതര ആരോപണങ്ങളുമായി രാജിവച്ച എസ്ഐ ശ്രീജിത്ത്
മരം മുറിച്ച് കടത്തിയതിൽ സർക്കാരിന് പ്രശ്നം ഇല്ല.താൻ പരാതി നൽകിയതാണ് സിസ്റ്റത്തിന് പ്രശ്നം

Photo| MediaOne
കൊല്ലം: പൊലീസിനും സിപിഎമ്മിനും എതിരെ ഗുരുതര ആരോപണങ്ങളുമായി മലപ്പുറം എസ് പി സുജിത്ത് ദാസ് വിഷയത്തിൽ രാജിവെച്ച പൊലീസ് ഉദ്യോഗസ്ഥൻ. മരം മുറി പരാതി പിൻവലിക്കാൻ സിപിഎം നേതാക്കളും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തിയെന്ന് ശ്രീജിത്ത് മീഡിയവണിനോട് പറഞ്ഞു.
മരം മുറിച്ച് കടത്തിയതിൽ സർക്കാരിന് പ്രശ്നം ഇല്ല.താൻ പരാതി നൽകിയത് ആണ് സിസ്റ്റത്തിന് പ്രശ്നം. സിസ്റ്റം വിചാരിച്ചാൽ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും . പിടികൂടുന്ന സ്വർണത്തിന്‍റെ മൂല്യം കണക്കാക്കുന്നയാളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. മലപ്പുറത്തുകാരെല്ലാം സ്വർണംകടത്തി രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം സഹായിച്ചെന്നും ശ്രീജിത്ത് പറഞ്ഞു.
മലപ്പുറത്തെ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി. മലപ്പുറം സ്വർണക്കടത്തിന്‍റെയും ക്രിമിനലുകളുടെയും ഹബ്ബ് ആണെന്ന് വരുത്തി തീർക്കുന്നു. പൊലീസ് എയർപോർട്ടിൽ നിന്നും സ്വർണം പിടികൂടുന്ന ഏക സ്ഥലം ആയിരിക്കും കരിപ്പൂർ. സ്വർണം പിടികൂടുന്നതിൽ വലിയ രീതിയിലുള്ള വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. കസ്റ്റംസ് പലതവണ പൊലീസിനെ വിലക്കിയിട്ടുണ്ട്. പൊലീസ് സ്വർണം പിടികൂടുമ്പോൾ സർക്കാരിന് ലഭിക്കേണ്ട പിഴയിൽ വലിയ നഷ്ടം ഉണ്ടാകുന്നു. സ്വർണത്തിന്‍റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. അപ്രൈസർക്ക് നൽകിയ തുകയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല. അപ്രൈസർ ഉണ്ണിക്കുണ്ടായ ഉയർച്ച നാടുമുഴുവൻ കണ്ടതാണ്. പൊലീസും അപ്രൈസറും ചേർന്ന ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും ശ്രീജിത്ത് ആരോപിക്കുന്നു.
വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയത് 99 ശതമാനം സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്. സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപിറ്റൽ എന്ന നിലയ്ക്കായി മലപ്പുറം. മലപ്പുറത്തുകാരെല്ലാം സ്വർണം കടത്തി രാജ്യദ്രോഹ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന രീതിയിൽ വരുത്തി തീർക്കുന്നു. താൻ ലോ പ്രൊഫൈൽ എന്നാണ് സുജിത്ത് ദാസ് അൻവറിനോട് പറഞ്ഞത്. അതുകൊണ്ടാണ് താൻ നൽകിയ പരാതി എങ്ങും എത്താത്തത്. ഇതുവരെ തന്‍റെ മൊഴി എടുത്തിട്ടില്ല. തന്നെ മാനേജ് ചെയ്യാൻ പറ്റുമെന്ന് സുജിത്ത് പറയുന്നുണ്ട്. പക്ഷെ അൻവറിനോട് പരാതി പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്. തേക്ക് അബദ്ധത്തിൽ മുറിച്ചു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ. കേസ് എടുക്കണമെന്ന് സംവിധാനം വിചാരിച്ചാൽ എങ്ങനെയും എടുക്കും. മാത്യു കുഴൽനാടൻ എംഎൽഎ സഭയിൽ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിന് തൊട്ടുപിന്നാലെ വിജിലൻസ് എത്തി. നീതി എല്ലാവര്‍ക്കും ഒരുപോലെ അല്ല. പൊലീസിനെ ചില ആളുകൾ മോശമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ശ്രീജിത്ത് രാജിവച്ചത്. ഡിജിപിക്ക് രാജിക്കത്ത് നൽകിയത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കെതിരെ ശ്രീജിത്താണ് പരാതി നൽകിയിരുന്നത്. പരാതി നൽകിയതിന് പിന്നാലെ താൻ പ്രതികാര നടപടിക്ക് ഇരയായെന്ന് ശ്രീജിത്തിന്‍റെ രാജിക്കത്തിൽ പറയുന്നു.
Adjust Story Font
16

