Quantcast

സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുത്ത വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകും: സിദ്ധാർഥന്റെ അച്ഛൻ

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അറസ്റ്റ് ചെയ്യേണ്ടവർക്ക് ചെയ്യാമെന്നും സിദ്ധാർഥന്റെ അച്ഛൻ

MediaOne Logo

Web Desk

  • Updated:

    2024-03-25 06:00:47.0

Published:

25 March 2024 11:22 AM IST

sidharth and father Jayaprakash
X

തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ തിരിച്ചെടുത്തതിനെതിരെ സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്. സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വിസിയുടെ ഇഷ്ടപ്രകാരമാണെന്നും അദ്ദേഹത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. വിസിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും സിദ്ധാർത്ഥൻ സ്വയം മുറിവേൽപ്പിച്ചെന്ന് ഒടുവിൽ വി.സി പറയുമെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്‌ഐ ട്രെയിനിങ് കിട്ടിയ ഭീകര സംഘടനയാണെന്നും മറ്റു വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകാനാണ് അവരെ റാഗിംഗ് സ്ഥലത്ത് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അറസ്റ്റ് ചെയ്യേണ്ടവർക്ക് ചെയ്യാമെന്നും വ്യക്തമാക്കി. തന്റെ മകൻ അനുഭവിച്ചതിനേക്കാൾ കൂടുതൽ അപമാനവും പീഡനവും തനിക്ക് സഹിക്കാനില്ലെന്നും പറഞ്ഞു. സിബിഐ അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, വൈസ് ചാൻസലറുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. അന്വേഷണം അട്ടിമറിക്കുന്ന നടപടിയാണ് വൈസ് ചാൻസലറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നതരായവരുടെ സ്വന്തക്കാരെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കമാണിതെന്നും സിബിഐ വരുംമുമ്പ് തെളിവ് നശിപ്പിക്കാനുള്ള നടപടി നടക്കുകയാണെന്നും പറഞ്ഞു. കേസിൽ സർവകലാശാലാ അധികൃതരും സർക്കാരും ഒത്തുകളിക്കുകയാണെന്നും സിദ്ധാർത്ഥന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

സിദ്ധാർഥനെതിരെയുള്ള ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോ. പി.സി ശശീന്ദ്രൻ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആൻറി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ.

കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയിൽ ആത്മഹത്യ ചെയ്ത നിലയിൽ സിദ്ധാർഥൻറെ മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആൻറി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർത്ഥനെ മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.



Next Story