പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങൾ നേടി; ജെബി മേത്തറിനെതിരെ സിമി റോസ്ബെല്‍
കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും തഴയപ്പെട്ടു

കൊച്ചി: കോൺഗ്രസ് പാർട്ടിക്കകത്ത് പീഡനപരാതികൾ പലർക്കും ഉണ്ടെന്ന് സിമി റോസ്‌ബെൽ. തന്‍റെ കയ്യിൽ തെളിവുണ്ട്. അവരുടെ അനുവാദം ഇല്ലാത്തത് കൊണ്ടാണ് പുറത്ത് പറയാത്തത്. പാർട്ടിയിൽ പ്രവർത്തിച്ച പലരെയും മറികടന്ന് സ്ഥാനങ്ങൾ നേടിയ ആളാണ് ജെബി മേത്തറെന്നും കോൺഗ്രസിനകത്ത് പ്രവർത്തിക്കുന്ന പല വനിതകളും തഴയപ്പെട്ടെന്നും സിമി ആരോപിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ സിമിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി, പാര്‍ട്ടിയില്‍ വി.ഡി സതീശന്റെ നേതൃത്വത്തിൽ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും ആരോപിച്ചിരുന്നു.
വി.ഡി സതീശൻ പാർട്ടിയിലെ തന്റെ അവസരങ്ങൾ നിഷേധിക്കുന്നു. സതീശന്റെ ഗുഡ്ബുക്കിൽ തനിക്കിടം നേടാനായില്ലെന്നും അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതിൽ ഇടംപിടിക്കാനാവാതെ പോയതെന്നുമാണ് സിമിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ തുളസി, ജെബി മേത്തർ എന്നിവര്‍ പരാതി നല്‍കുകയും ചെയ്തു.
Adjust Story Font
16

