എസ്ഐആർ കരട് വോട്ടർപട്ടിക: പരാതികളും ആക്ഷേപങ്ങളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ഹിയറിങ് നടപടികൾ അടുത്തമാസം 14ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സുപ്രിം കോടതി നിർദ്ദേശപ്രകാരം നീട്ടിയ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടും 2002ലെ വോട്ടര്‍ പട്ടികയുമായി മാപ്പിങ് ചെയ്യാനാത്തവരുടെ ഹിയറിങ് നടപടികൾ ഫെബ്രുവരി 14 വരെ തുടരും.
2.52 കോടി വോട്ടർമാരാണ് എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസകാലയളവിൽ പേര് ചേർക്കുന്നതിനായി 9,27,484 ഉം പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിനായി 1,42,287 ഉം അപേക്ഷകൾ ലഭിച്ചു. പേര് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് 16,007 അപേക്ഷകളുമാണ് കമ്മീഷന് മുന്നിലെത്തിയത്. സുപ്രിംകോടതി നിർദ്ദേശപ്രകാരമാണ് 23ന് അവസാനിക്കേണ്ടിയിരുന്ന പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള കാലാവധി ഒരാഴ്ച കൂടി കമ്മീഷൻ നീട്ടിനൽകിയത്.
കരട് വോട്ടർപട്ടികയിൽ മാപ്പിങ് ചെയ്യാൻ കഴിയാത്ത 19 ലക്ഷം പേരും വിവരങ്ങൾ നൽകിയതിൽ വൈരുദ്ധ്യമുള്ള ലോജിക്കൽ ഡിസക്രിപൻസി വിഭാഗക്കാർക്കാർക്കുമാണ് നിലവിൽ ഹയറിങ് നടക്കുന്നത്. ഹിയറിങ് നടപടികൾ അടുത്തമാസം 14ന് അവസാനിക്കും. ഫെബ്രുവരി 21നായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ പുതിയ വോട്ടറായി പേര് ചേർക്കാനുള്ള അവസരം ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്.
Adjust Story Font
16

