വോട്ടർപട്ടിക ശുദ്ധീകരണവാദം പൊളിയുന്നു; ഇരട്ടവോട്ട് കണ്ടെത്താനോ,ചേർക്കുന്നത് തടയാനോ എസ്ഐആറിൽ സംവിധാനമില്ല
രണ്ടിടത്ത് എന്യൂമറേഷൻ ഫോം നൽകിയാൽ രണ്ടിടത്തും വോട്ടർപട്ടികയിൽ ഉൾപ്പെടും

പാലക്കാട്: ഇരട്ടവോട്ട് കണ്ടെത്താനോ ഇരട്ട വോട്ട് ചേർക്കുന്നത് തടയാനോ എസ്ഐആറിൽ സംവിധാനമില്ല. ഒരു വ്യക്തി രണ്ട് സ്ഥലത്ത് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയാൽ രണ്ടിടത്തും വോട്ടർ പട്ടികയിൽ ഉൾപ്പെടും. എസ്ഐആർ നടന്നാലും ഇരട്ടവോട്ട് ക്രമക്കേട് തടയനാവില്ലെന്നാണ് നടപടിക്രമങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
വോട്ടർ പട്ടിക ശുദ്ധീകരിക്കാനാണ് എസ്ഐ ആർ നടപ്പാക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാൽ ഇരട്ട വോട്ട് തടയാൻ എസ് ഐ ആറിൽ സംവിധാനം ഇല്ല. ഒരു വ്യക്തിക്ക് നിലവിൽ രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടെങ്കിൽ രണ്ട് സ്ഥലത്തേയും ബിഎല്‍ഒമാരിൽനിന്ന് എന്യൂമറേഷൻ ഫോം ലഭിക്കും. ഒരു സ്ഥലത്തെ വോട്ട് നിലനിർത്തി, രണ്ടാമത്തെ സ്ഥലത്തെ വോട്ട് ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്നത്. എന്നാൽ ഒരു വ്യക്തി രണ്ട് സ്ഥലത്തേയും വോട്ട് നിലനിർത്തിയാൽ അത് കമ്മീഷന് കണ്ടെത്താൻ നിലവിൽ കഴിയില്ല. വോട്ടർമാർ ഇങ്ങനെ ചെയ്യില്ലെന്ന വിശ്വാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രകടിപ്പിക്കുന്നത്.
ഒരു സ്ഥലത്ത് ആറു മാസത്തിൽ അധികമായി താമസിക്കുന്നുവെന്ന രേഖ നൽകിയാൽ ഒരു വ്യക്തിക്ക് ഏത് മണ്ഡലത്തിലും വോട്ടറായി മാറാം. രാജ്യവ്യാപകമായി ആരോപണമുയർന്ന ഇരട്ടവോട്ട് തട്ടിപ്പ് കേരളത്തിലും നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഏതുവ്യക്തിക്കും ലളിതമായ നടപടികളിലൂടെ ഇരട്ട വോട്ട് സംഘടിപ്പിക്കാൻ കഴിയുമെന്നത് എസ്ഐആറിന്റെ സുതാര്യതയെ സംശയനിഴലിലാക്കുന്നു. ഇരട്ടവോട്ട് ചേർക്കൽ കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓർമ്മിപ്പിക്കുന്നു. വോട്ടർ പട്ടിക വന്ന് കഴിഞ്ഞാൽ ഇരട്ട വോട്ടർമാരുണ്ടോ എന്ന് കണ്ടെത്താൻ സങ്കേതിക സംവിധാനം ഒരുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്.
Adjust Story Font
16

