കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം മരിച്ചു
ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു

കോഴിക്കോട്: സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്.
കോഴിക്കോട് - വയനാട് ദേശീയ പാതയിൽ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിറാജ് മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ടിച്ച ജാഫർ അടുത്തിടെയാണ് കോഴിക്കോട്ടെ സെൻട്രൽ ഡെസ്കിലേക്ക് മാറിയത്.
Adjust Story Font
16

