'11 വർഷം സഹിച്ച ഒരാൾ ഒരു രാത്രി ആത്മഹത്യ ചെയ്യില്ല, കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു'; അതുല്യയുടെ സഹോദരി
പുതിയ ജോലിക്ക് കയറുന്നതിന് മുമ്പ് ബാഗും ഡ്രസും വാങ്ങിപോയ ചേച്ചി ആ രാത്രി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അഖില പറഞ്ഞു

കൊല്ലം: അതുല്യ ആത്മത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരി അഖില. ഗർഭിണിയായിരുന്നപ്പോൾ വരെ അതുല്യയെ ഉപദ്രവിച്ചിരുന്നു. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതി ജാമ്യം കിട്ടി പുറത്തു നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അഖില പറഞ്ഞു.
'അതുല്യ ആത്മത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ല. മരിക്കുന്നതിന് തലേദിവസം സഹോദരി വലിയ സന്തോഷത്തിലായിരുന്നു .അതുല്യയുടെ പിറന്നാളായിരുന്നു അന്ന്. അടുത്ത ദിവസം പുതിയ ജോലിയ്ക്ക് കയറാൻ ഇരുന്നതാണ്.ജോലിയെക്കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അങ്ങനെ ഒരാൾ സ്വയം ജീവനൊടുക്കില്ലെന്നും' അഖില പറയുന്നു.
'സതീഷ് അതുല്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. മകളോട് പോലും സതീഷിന് അത്മാർത്ഥമായ സ്നേഹം ഇല്ലായിരുന്നു.11 വർഷം സഹിച്ച ഒരാൾ ഒരു രാത്രി ആത്മഹത്യ ചെയ്യില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലും 24 മണിക്കൂറിനിടെയുണ്ടായ പാടുകൾ ശരീരത്തിലുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. മരിച്ച ദിവസവും സതീഷ് അതുല്യയെ ഉപ്രദ്രവിച്ചിട്ടുണ്ട്. അതുല്യ മരിച്ച ദിവസം സതീഷിനെ കാണുമ്പോൾ മദ്യലഹരിയിലായിരുന്നു. നടന്നത് കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. മരിക്കുന്നതിന്‍റെ തലേന്ന് രാത്രി 11.30 മണി വരെ അതുല്യ തന്നോട് ഫോണിൽ സംസാരിച്ചിരുന്നു. എന്തുണ്ടെങ്കിലും തന്നോട് തുറന്നു പറയും.സതീഷിൻ്റെ ചില ബന്ധങ്ങളുടെ പേരിൽ അതുല്യയുമായി സ്ഥിരം തർക്കിച്ചിരുന്നു. ഗർഭിണിയായിരുന്നപ്പോൾ വരെ അതുല്യയെ ഉപദ്രവിച്ചിരുന്നു'. ഇത്രയും തെളിവുകൾ ഉണ്ടായിട്ടും പ്രതി ജാമ്യം കിട്ടി പുറത്തു നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സഹോദരിക്ക് നീതി കിട്ടണമെന്നും അഖില പറഞ്ഞു.
കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലൈ 19 ന് ഷാർജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭര്‍ത്താവ് സതീഷ് മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.തിരുവനന്തപുരത്തെത്തിയ കഴിഞ്ഞദിവസം സതീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു. മകളുടെ മരണം കൊലപാതകമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ എന്ന് അച്ഛൻ മീഡിയവണിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷ എന്നും രാജശേഖരൻ പിള്ള പറഞ്ഞു. അതുല്യയെ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വർഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയിൽ പറയുന്നുണ്ട്
Adjust Story Font
16

