തന്ത്രി വാജി വാഹനം കൊണ്ടുപോയതിൽ കൂടുതൽ അന്വേഷണത്തിന് എസ്ഐടി
ഇന്നലെ വാജി വാഹനം കോടതിയിൽ ഹാജരാക്കിയിരുന്നു

തിരുവനന്തപുരം: ശബരിമല തന്ത്രി വാജി വാഹനം കൊണ്ടുപോയതിൽ കൂടുതൽ അന്വേഷണത്തിന് എസ്ഐടി. തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ തന്ത്രിയുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്തിരുന്നു.
പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്.
2017ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്‍കാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
അതേസമയം ശബരിമലയിലെ അഭിഷേക ശേഷമുള്ള നെയ്യ് വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷിക്കും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് വിജിലന്‍സ് അന്വേഷണം. 13,679 പാക്കറ്റ് നെയ്യിന്റെ പണം ദേവസ്വം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും ഏകദേശം 35 ലക്ഷം രൂപയോളം ഈ സീസണിൽ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും കോടതി വിലയിരുത്തി.
Adjust Story Font
16

