Quantcast

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അഞ്ചാം പ്രതി; തിരുവനന്തപുരം സ്വദേശിയും പ്രതിപ്പട്ടികയിൽ

സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-02-15 08:04:45.0

Published:

15 Feb 2023 6:01 AM GMT

Sivashankar_lifemission case
X

കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവങ്കർ അഞ്ചാം പ്രതി. കേസിൽ ആറുപേരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർത്തിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് ഇഡി കണ്ടെത്തിയിരുന്നു. ഒരു കോടി രൂപ ശിവശങ്കരന് നൽകിയതെന്നാണ് സ്വപ്ന മൊഴി നൽകിയത്.

സരിത്, സന്ദീപ് എന്നിവർക്ക് 59 ലക്ഷം വീതം നൽകിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സന്ദീപിന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം നൽകിയതെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കേസിൽ ശിവശങ്കറിനെതിരെ തെളിവുകൾ ലഭിച്ചെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ കേസിൽ ഒരാളെ കൂടി പുതുതായി പ്രതിചേർത്തു. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇഡി പ്രതിയാക്കിയത്. യദുകൃഷ്ണന് 3 ലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. യൂണിടെക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയത് യദുവാണ്. ഇതിന് പാരിതോഷികമെന്നോണമാണ് പണം ലഭിച്ചത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, ശിവശങ്കറിനെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാക്കും. ജനറൽ ആശുപത്രിയിൽ ഇദ്ദേഹത്തിന്റെ വൈദ്യപരിശോധന പൂർത്തിയായിരുന്നു. ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇഡി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചന.

ലൈഫ് മിഷൻ കേസിൽ ശിവശങ്കർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴ ഇടപാടിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചെന്നും ഇഡി അറിയിച്ചിരുന്നു. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

TAGS :

Next Story