പാലക്കാട് തച്ചമ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരിക്ക്
മുതുകുറുശ്ശി സ്വദേശി പ്രാർത്ഥനക്കാണ് പരിക്കേറ്റത്

പാലക്കാട്: പാലക്കാട് തച്ചമ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറു വയസുകാരിക്ക് പരിക്ക്. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർത്ഥനക്കാണ് പരിക്കേറ്റത്. കുട്ടിയുടെ ഇടത്തെ കാലിൽ രണ്ട് ഇടങ്ങളിലും തലയിലുമാണ് പരിക്കേറ്റത്. മുതുകുറുശ്ശി കെവി എഎൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ് പരിക്കേറ്റ പ്രാർത്ഥന.
സഹോദരിയെ സ്കൂൾ ബസിലേക്ക് കയറ്റി അമ്മ ബിൻസിയും പ്രാർത്ഥനയും വീട്ടിലേക്ക് തിരികെ വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു. കനാലിൻ്റെ മറുവശത്തെ കൃഷിയിടത്തിൽ നിന്നും കനാൽ നീന്തി കടന്നെത്തിയ പന്നി ഇവർക്ക് നേരെ തിരിയുകയായിരുന്നു. ബിൻസിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ പന്നി ആക്രമിക്കുകയുമായിരുന്നു എന്ന് അമ്മ ബിൻസി പറഞ്ഞു. പ്രദേശവാസികൾ ചേർന്ന് കുഞ്ഞിനെയും ബിൻസിയെയും തച്ചമ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Adjust Story Font
16

