Quantcast

കവളപ്പാറയിലെ കണ്ണീരിന് ആറ് വർഷം; തോരാമഴയില്‍ മുത്തപ്പൻ കുന്നിൽ പൊലിഞ്ഞത് 59 ജീവനുകൾ

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രിയായിരുന്നു അന്നെന്ന് നാട്ടുകാര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    8 Aug 2025 12:18 PM IST

കവളപ്പാറയിലെ കണ്ണീരിന് ആറ് വർഷം; തോരാമഴയില്‍ മുത്തപ്പൻ കുന്നിൽ പൊലിഞ്ഞത് 59 ജീവനുകൾ
X

മലപ്പുറം: നിലമ്പൂർ കവളപ്പാറ ദുരന്തത്തിന് ഇന്ന് ആറു വർഷം തികയുന്നു. 2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയിലാണ് കവളപ്പാറ മുത്തപ്പൻ മലയുടെ ഒരു ഭാഗം അടർന്നുവീണ് ഒരു ഗ്രാമത്തെ ഇല്ലാതാക്കിയത്. ആറു വർഷങ്ങൾക്ക് ഇപ്പുറവും ആ നടുക്കുന്ന ഓർമ്മയിലാണ് ഈ മലയോര ഗ്രാമം

59 ജീവനുകളാണ് അന്നാരാത്രി ഒന്ന് ഓടി പോകാൻ പോലും കഴിയാതെ ഈ മുത്തപ്പൻ കുന്നിൽ പൊലിഞ്ഞുപോയത്. അതിൽ 11 പേർ ഇപ്പോഴും ഈ കുന്നിനടിയിലുണ്ട്. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത രാത്രിയായിരുന്നു അന്ന്. നിസ്സഹായരായ മനുഷ്യർക്കുമേൽ കല്ലും മണ്ണും വെള്ളവും പതിച്ച ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോൾ. ഇപ്പോഴും ഉള്ളിൽ ഒരു വിങ്ങലാണ് ഈ നാട്ടുകാർക്ക്.മുത്തപ്പൻ കുന്ന് ഇടിഞ്ഞു താഴ്ന്നുവന്ന കൃഷിയിടം ഇപ്പോഴും കാടുമൂടി കിടക്കുകയാണ്

തെങ്ങ്,കവുങ്ങ് കൃഷി ചെയ്തിരുന്ന പാടം പോലെയുള്ള ഭൂമിയായിരുന്നു 15 ഏക്കർ ഭൂമി കവളപ്പാറ തോടിനും റോഡിനും ഒക്കെ ഇടയിലുള്ള ഭൂമി. ആ ഭൂമിയിലേക്കാണ് മുത്തപ്പൻ മല ഊർന്നിറങ്ങിയത്. മൺകൂനകളായി ആകെ കാടുമൂടി കിടക്കുന്നു ഇപ്പോൾ. ഏതാണ്ട് 72 ഓളം കുടുംബങ്ങൾ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്. മണ്ണ് കുമിഞ്ഞു കൂടി കാടുമുടിയ ഏക്കർ കണക്കിന് വരുന്ന കൃഷിസ്ഥലം.കൃഷി ചെയ്യാൻ യോഗ്യമാക്കി തരണമെന്നത് ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് കവളപ്പാറ നിവാസികൾക്ക് മുന്നോട്ടുവയ്ക്കാനുള്ളത്.

'72 കുടുംബങ്ങളെ ഭീഷണി നേരിടുന്ന ഭാഗത്തുനിന്ന് മാറ്റി താമസിപ്പിക്കണം. കൃഷിഭൂമി കൃഷിക്ക് അനുയോജ്യമാക്കി തരണം. കൃഷിക്ക് അനുയോജ്യമാക്കി തരാൻ പറ്റാത്ത പ്രദേശങ്ങളിലുള്ള ആളുകൾക്ക് നഷ്ടപരിഹാരം നൽകണം. പകരം ഭൂമി നൽകണം. 53 ഏക്കർ ഭൂമിയിലെ 85 ലക്ഷം രൂപ കാർഷിക വായ്പകൾ എടുത്ത കർഷകരാണ്. അവർക്ക് യാതൊരുവിധ സഹായങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. അവർക്ക് സർക്കാർ സഹായത്താൽ കിട്ടിയിട്ടുള്ള 10 ലക്ഷം രൂപയ്ക്കുള്ള വെച്ചിട്ടുള്ള വീടുകൾ'. ആ വീടുകൾ അറ്റാച്ച് ചെയ്യുമെന്ന് പറഞ്ഞ് ബാങ്കുകൾ നിരന്തരം ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ഇവിടുത്തെ ജനങ്ങള്‍ പറയുന്നു.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം ഇപ്പോൾ വ്യത്യസ്ത സ്ഥലങ്ങളിലായി താമസിക്കുകയാണ്. 126 കുടുംബങ്ങളെ മൂന്ന് ഘട്ടമായാണ് പുനരധിവസിപ്പിച്ചത്. ദുരന്തം നടന്ന് ആറു വർഷങ്ങൾക്കിപ്പുറവും മുത്തപ്പൻകുന്നിലെ ആ മുറിവ് ഉണങ്ങിയിട്ടില്ല.


TAGS :

Next Story