Quantcast

പിഎം ശ്രീ പദ്ധതി: കേരളം കെണിയിൽ വീഴരുതെന്ന് എസ്കെഎസ്എസ്എഫ്

കേരളത്തിൻ്റെ തനതായ വിദ്യാഭ്യാസ സംസ്കാരത്തെ തകർക്കാൻ വഴിയൊരുക്കുമെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Oct 2025 11:43 AM IST

പിഎം ശ്രീ പദ്ധതി: കേരളം കെണിയിൽ വീഴരുതെന്ന് എസ്കെഎസ്എസ്എഫ്
X


കോഴിക്കോട് : പിഎം ശ്രീ പദ്ധതിയിൽ ചേരുന്നത് കേരളത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് എസ്കെഎസ്എസ്എഫ്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ സംഘപരിവാർ അജണ്ടകൾ ഒളിച്ചു കടത്താനുള്ള കെണിയിൽ വീഴരുതെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അക്കാദമിക് അധികാരങ്ങൾ പൂർണ്ണമായി കേന്ദ്രത്തിന് കൈമാറുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളെ അടിയറവ് വെക്കുന്നതിന് തുല്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ നിയന്ത്രണം കേന്ദ്രത്തിന് കൈമാറുന്നത് കേരളത്തിന്റെ തനതായ വിദ്യാഭ്യാസ സംസ്കാരത്തെ തകർക്കാൻ വഴിയൊരുക്കുമെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു.

പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് രാജ്യമെമ്പാടും ഏകീകൃതമായ പാഠ്യപദ്ധതി അടിച്ചേൽപ്പിക്കാനാണ്. സംസ്ഥാനത്തിൻ്റെ താത്പര്യം അംഗീകരിക്കാത്ത പക്ഷം സാമ്പത്തിക താത്പര്യത്തിന് വേണ്ടി മാത്രം പദ്ധതി സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. പദ്ധതിക്ക് ചെലവഴിക്കുന്ന തുകയുടെ 40% സംസ്ഥാനത്തിൻ്റേതാണ്. അതിന് അനുസൃതമായ അധികാരങ്ങൾ പദ്ധതിക്ക് മേൽ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിക്കണം. അല്ലാത്ത പക്ഷം കേരളത്തിലെ മതേതര സമൂഹം അത്തരം നീക്കം അനുവദിക്കില്ലെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു.

പിഎം ശ്രീയിൽ ചേരാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ നിരവധി സംഘടനകൾ രം​ഗത്തെത്തി. പിഎം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് ശക്തമായി തുടരാൻ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം. പദ്ധതിക്കെതിരെ എഐഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എന്നിവരും പ്രതിഷേധവുമായെത്തി.

TAGS :

Next Story