'പേര് വിളിച്ചപ്പോൾ കണ്ണുതുറക്കാൻ ശ്രമിച്ചു'; ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നിലയിൽ നേരിയ പുരോഗതി
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചു

തിരുവനന്തപുരം:ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ നിലയിൽ നേരിയ പുരോഗതി. അഫാൻ വെന്റിലേറ്ററിൽ തന്നെയാണെന്ന് ഡോക്ടർമാർ അറിയിച്ചു. പേര് വിളിച്ചപ്പോൾ അഫാൻ കണ്ണുതുറക്കാൻ ശ്രമിച്ചെന്നും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അഫാൻ ആത്മഹത്യാശ്രമം നടത്തിയത്.പൂജപ്പുര ജയിലിലെ ശുചിമുറിയിലാണ്ആത്മഹത്യാശ്രമം നടത്തിയത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ ആദ്യ കുറ്റപത്രം കഴിഞ്ഞദിവസമാണ് സമർപ്പിച്ചത്. അഫാൻ ആണ് ഏക പ്രതി. പിതൃമാതാവ് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സൽമാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാമത്തെ കുറ്റപത്രവും സമർപ്പിച്ചു. ലത്തീഫിനെയും ഭാര്യയേയും കൊലപ്പെടുത്തിയ സംഭവത്തിലാണ് കിളിമാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 534 പേജുകൾ അടങ്ങിയ കുറ്റപത്രം ആറ്റിങ്ങൽ മുൻസിഫ് കോടതിയിലാണ് സമർപ്പിച്ചത്.
ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പണം നൽകാത്തതിലുള്ള വിരോധമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മുത്തശ്ശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
Adjust Story Font
16

