Quantcast

സ്മാർട്ട് സിറ്റി പദ്ധതി; സർക്കാർ നീക്കത്തിനെതിരെ ടീകോം

കേരള സർക്കാരുമായുള്ള തർക്കം അന്താരാഷ്ട്ര ആർബിട്രേഷന് വിടണമെന്നാണ് ടീകോമിന്റെ ആവശ്യം

MediaOne Logo

Web Desk

  • Updated:

    2025-08-22 08:30:20.0

Published:

22 Aug 2025 11:10 AM IST

സ്മാർട്ട് സിറ്റി പദ്ധതി; സർക്കാർ നീക്കത്തിനെതിരെ ടീകോം
X

തിരുവനന്തപുരം: ടീകോമിന് പണം നൽകി കൊച്ചി സ്മാർട്ട് സിറ്റി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം പ്രതിസന്ധിയിൽ. കേരള സർക്കാരുമായുള്ള തർക്കം ഇൻറർനാഷണൽ ആർബിട്രേഷൻ വിടണം എന്നാവശ്യപ്പെട്ട് ടീകോം കേന്ദ്ര സർക്കാരിനെ സമീപിച്ചു. ഇതോടെ ഈ മാസം 31നകം ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാനുള്ള സർക്കാർ നീക്കം അനിശ്ചിതത്വത്തിലാകും.

കരാറിൽ ഒപ്പിട്ട് പതിമൂന്ന് വർഷമായിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതി ഇല്ലാതായതോടെയാണ് ടി കോമിനെ സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. തൊഴിൽ നൽകുന്നത് ഉൾപ്പടെ കരാർ വ്യവസ്ഥകൾ ദുബൈ ആസ്ഥാനമായ ടീകോം ലംഘിച്ചിരുന്നു. എന്നിട്ടും ടീകോമിന് പണം നൽകി സ്മാർട്ട് സിറ്റി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം വിവാദമായി. സർക്കാർ സമ്മർദത്തിനു വഴങ്ങി കരാറിൽ നിന്ന് പിന്മാറാൻ ടീകോമും സന്നദ്ധത അറിയിച്ചിരുന്നു. ഈ നീക്കമാണ് ഇപ്പോൾ പ്രതിസന്ധിയിൽ ആയത്.

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിൻമാറാൻ ടീകോം തയ്യാറാണെങ്കിലും ഇതിനായി സർക്കാർ മുന്നോട്ട് വെക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ടി കോമിന്റെ നിലപാട്. പദ്ധതി നടത്തിപ്പിൽ തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ടീകോം വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ടീകോം കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി കരാറായി കണക്കാക്കി തർക്കം അന്തരാഷ്ട്ര ട്രൈബ്യൂണലിന് വിടണം എന്നാണ് ആവശ്യം. സംസ്ഥാന സർക്കാർ നിർദേശത്തിൽ മാറ്റം ആവശ്യപ്പെട്ടാണ് കേന്ദ്ര നഗര കാര്യ മന്ത്രാലയത്തിന് ടീകോം കത്തും നൽകിയത്. എന്നാൽ ടീ കോമിൻറെ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനം കേന്ദ്രത്തിന് മറുപടി നൽകിയത്.കരാർ പ്രകാരം ഇരു പാർട്ടികളും തമ്മിൽ തർക്കം ഉണ്ടായാൽ കൊച്ചിയിൽ ആർബിട്രേഷന് നടത്തണമെന്നാണ് വ്യവസ്ഥ.

ഇത് ടീകോം അംഗീകരിക്കാൻ തയ്യാറാകണമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. അന്തരാഷ്ട്ര തലത്തിലേക്ക് തർക്കം കൊണ്ടു പോയാൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നും സംസ്ഥാന സർക്കാറിന് ആശങ്കയുമുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

സ്മാർട്ട് സിറ്റി ഏറ്റെടുക്കുന്നതുമായി ബന്ധപെട്ട് ഐടി ഡയറക്ടർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച ഉപസമിതി, ഓഗസ്റ്റ് 31 നകം ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനായുള്ള കർമപദ്ധതി സമർപ്പിച്ചിരുന്നു .ഈ സമയപരിധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഇപ്പോഴത്തെ പ്രതിസന്ധി.

TAGS :

Next Story