'ഒന്നരക്കിലോ സ്വർണമുണ്ടെന്ന യു.ബി ഗ്രൂപ്പ് വാദം തെറ്റ്, ഉരുക്കിയപ്പോൾ കിട്ടിയത് 577 ഗ്രാം'; ദേവസ്വം വിജിലൻസിനെ തള്ളി സ്മാർട് ക്രിയേഷൻസ്
ദ്വാരപാലക ശിൽപങ്ങളിൽ എത്ര ഗ്രാം സ്വർണ്ണം പൂശിയിരുന്നുവെന്നതിന് ആധികാരികമായ രേഖകളില്ല

photo| special arrangement
തിരുവനന്തപുരം:ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തലുകളെ തള്ളി സ്മാർട് ക്രിയേഷൻസ്. ദ്വാരപാലക ശിൽപ പാളികൾ ഉരുക്കിയപ്പോള്‍ ലഭിച്ചത് 577 ഗ്രം സ്വർണ്ണം മാത്രമാണെന്നാണ് സ്മാർട് ക്രിയേഷൻസ് പറയുന്നത്. പാളികളിൽ 1564 ഗ്രാം സ്വർണ്ണം ഉണ്ടായിരുന്നുവെന്ന യു ബി ഗ്രൂപ്പിൻ്റെ അവകാശവാദം തെറ്റ്. ദ്വാരപാലക ശിൽപങ്ങളിൽ എത്ര ഗ്രാം സ്വർണ്ണം പൂശിയിരുന്നുവെന്നതിന് ആധികാരികമായ രേഖകളില്ലെന്നും സ്മാർട് ക്രിയേഷൻസ് പറയുന്നു. 1564 ഗ്രാം സ്വർണ്ണമെന്നാണ് യു ബി ഗ്രൂപ്പ് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നത്. യു ബി ഗ്രൂപ്പിൻ്റെ കണക്കിനേക്കാൾ ഒരു കിലോ സ്വർണ്ണം കുറവാണ് ഉരുക്കിയപ്പോൾ ഉണ്ടായിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
അതിനിടെ, സ്വർണ്ണ കൊള്ളയിൽ അന്വേഷണം ആരംഭിച്ച എസ് ഐ ടി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഒമ്പത് ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മോഷണം, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സ്വർണ്ണപ്പാളി ചെമ്പാക്കി മാറ്റിയതിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചന, ഉരുക്കിയ സ്വർണം എവിടെ കൊണ്ടുപോയി, സ്മാർട്ട് ക്രിയേഷൻസിൻ്റെ പങ്ക് എന്നിവയെക്കുറിച്ച് എല്ലാം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
അതേസമയം, ശബരിമല സന്നിധാനത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പരിശോധനകൾ ഇന്ന് പൂർത്തിയായേക്കും.അറ്റകുറ്റപ്പണി പൂർത്തിയാക്കി സന്നിധാനത്തെത്തിച്ച സ്വർണ്ണപാളികൾ ഇന്ന് ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. പാളികളുടെ അളവും തൂക്കവും സ്വർണ്ണത്തിന്റെ അളവും കൃത്യമായി രേഖപ്പെടുത്തും. ദേവസ്വം മഹസർ പ്രകാരം സന്നിധാനത്ത് വഴിപാടായി ലഭിച്ച സ്വർണ്ണം വെള്ളി ആഭരണങ്ങളുടെ പരിശോധനകൾ ഇന്നലെ നടന്നിരുന്നു.
Adjust Story Font
16

